Sorry, you need to enable JavaScript to visit this website.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: അരവിന്ദാക്ഷനെയും  ജില്‍സിനെയും വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ ഇഡി 

കൊച്ചി- കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ സി.പി.എം കൗണ്‍സിലര്‍ പി.ആര്‍ അരവിന്ദാക്ഷനെയും കരുവന്നൂര്‍ ബാങ്ക് മുന്‍ ജീവനക്കാരന്‍ സി.കെ ജില്‍സിനെയും വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇവരുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. കലൂരിലെ പ്രത്യേക പി.എം.എല്‍.എ കോടതിയാണ് കേസ് പരിഗണിക്കുന്നത്.രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെട്ടത്. അരവിന്ദാക്ഷന്റെ വിദേശയാത്ര, ബാങ്ക് നിക്ഷേപം സംബന്ധിച്ച വിവരശേഖരണം എന്നിവയ്ക്കായാണ് ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങുന്നത്.
വടക്കാഞ്ചേരി നഗരസഭ ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍ അരവിന്ദാക്ഷന് എതിരെയുള്ള കുരുക്ക് മുറുക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഒന്നാംപ്രതി സതീഷ് കുമാറുമായി പി. ആര്‍ അരവിന്ദാക്ഷന്‍ നടത്തിയ വിദേശയാത്രകള്‍, കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ എന്നീ കാര്യങ്ങളില്‍ വ്യക്തത വരുത്തുകയാണ് ഇ.ഡിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് രണ്ടുദിവസത്തേക്ക് അരവിന്ദാക്ഷനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള തീരുമാനം.
പി.ആര്‍ അരവിന്ദാക്ഷിനെതിരെ ഫോണ്‍ കോള്‍ റെക്കോര്‍ഡുകള്‍ തെളിവുകളായി ഉണ്ടെന്നും ഒന്നാംപ്രതി സതീഷ് കുമാറിന്റെ ഫോണിലെ കോള്‍ റെക്കോര്‍ഡുകളില്‍ അരവിന്ദാക്ഷന്റെ പങ്ക് വ്യക്തമാണെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ചോദ്യം ചെയ്തവരില്‍ നിന്ന് ലഭിച്ച മൊഴികള്‍ അരവിന്ദാക്ഷന്‍ എതിരാണെന്നും കസ്റ്റഡി അപേക്ഷയിലുണ്ട്.
അതേസമയം സതീഷ്‌കുമാറുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുള്ള എസ്ടി ജ്വല്ലറി ഉടമ കെ.കെ.സുനില്‍കുമാര്‍, വടക്കാഞ്ചേരിയിലെ സിപിഐഎം കൗണ്‍സിലര്‍ മധു അമ്പലപുരം എന്നിവരെയും ഇന്നലെ ചോദ്യം ചെയ്തു. സുനില്‍കുമാറിന്റെ മകളുടെ വിവാഹാവശ്യത്തിനു സതീഷ്‌കുമാര്‍ നല്‍കിയ ഒരു കോടി രൂപ കരുവന്നൂര്‍ ബാങ്കില്‍ നിന്നു തട്ടിയെടുത്ത തുകയാണെന്ന് ഇ.ഡിക്കു സംശയമുണ്ട്. ഈ ഇടപാടിന്റെ വിശദാംശങ്ങള്‍ ശേഖരിക്കാനാണ് സുനില്‍കുമാറിനെ ചോദ്യം ചെയ്തത്.

Latest News