ന്യൂദല്‍ഹി-രണ്ട് വര്‍ഷത്തിനുള്ളില്‍ ഇടതു തീവ്ര സംഘങ്ങളെ രാജ്യത്തുനിന്നും തുടച്ചു നീക്കാന്‍ പ്രമേയം പാസാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ, മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തിലാണ് പ്രമേയം പാസാക്കിയത്. 2022-2023 കാലഘട്ടത്തില്‍ ഇടത് തീവ്ര സംഘങ്ങള്‍ക്കെതിരെ വലിയ നേട്ടമുണ്ടാക്കാനായെന്ന് അമിത് ഷാ പറഞ്ഞു.
''പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇച്ഛാശക്തിയും സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണവും കൂടിയായതോടെയാണ് ഇത് സാധ്യമായത്. രണ്ട് വര്‍ഷം കൊണ്ട് ഇടത് തീവ്ര സംഘങ്ങളെ പൂര്‍ണമായും തുടച്ചുനീക്കാനാണ് ലക്ഷ്യമിടുന്നത്. 2022ല്‍ ഇടത് തീവ്ര സംഘങ്ങളുടെ ആക്രമണങ്ങളും അതിനെത്തുടര്‍ന്നുണ്ടാകുന്ന മരണങ്ങളും വളരെ കുറച്ചു.
''നാല് ദശാബ്ദത്തിനിടെ ഏറ്റവും കുറവാണുണ്ടായത് 2022ലാണ്. തീവ്ര സംഘടനകളുണ്ടാക്കുന്ന ആക്രമണങ്ങള്‍ 52 ശതമാനവും മരണം 69 ശതമാനവും കുറഞ്ഞു. ദേശീയ അന്വേഷണ ഏജന്‍സിയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സംഘടനകള്‍ക്ക് ലഭിക്കുന്ന പണത്തെക്കുറിച്ച് സൂക്ഷമമായി നിരീക്ഷിക്കുകയാണ്. സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സിന്റെ 195 ക്യാംപ് തുടങ്ങി. 44 എണ്ണം കൂടി ഉടന്‍ തുടങ്ങും. ഇത്തരം പ്രദേശങ്ങളില്‍ റോഡ് നിര്‍മാണം, ടെലി കമ്മ്യൂണിക്കേഷന്‍, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളില്‍ കൂടുതല്‍ വികസനം നടത്തിവരുകയാണ്. പ്രശ്നബാധിത പ്രദേശങ്ങളില്‍ 14,000 പുതിയ പദ്ധതികള്‍ ആരംഭിച്ചു. ഇതില്‍ 80 ശതമാനം പൂര്‍ത്തിയാക്കി''അമിത് ഷാ പറഞ്ഞു.