തിരുവനന്തപുരം - ചൈനീസ് ബന്ധം ആരോപിച്ച് ന്യൂസ് ക്ലിക്ക് ഡൽഹി ഓഫീസ് സീൽ ചെയ്ത് എഡിറ്റർ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് 46 ജീവനക്കാരുടെ ഫോൺ, ലാപ്‌ടോക്ക് അടക്കമുള്ളവ പിടിച്ചെടുത്ത ഡൽഹി പോലീസിന്റെ തുടർ നടപടി കേരളത്തിലും.
ന്യൂസ് ക്ലിക്കിന്റെ മുൻ ജീവനക്കാരിയും വീഡിയോഗ്രാഫറുമായ പത്തനംതിട്ട കൊടുമൺ സ്വദേശിനിയായ അനുഷ പോളിന്റെ വീട്ടിലാണ് ഡൽഹി പോലീസിന്റെ പ്രത്യേക സംഘം ഇന്ന് വൈകീട്ട് എത്തിയത്. ഒന്നരമണിക്കൂറോളം നീണ്ടുനിന്ന പരിശോധനയിൽ അനുഷയുടെ മൊബൈൽ ഫോണും ലാപ്‌ടോപ്പും പോലീസ് പിടിച്ചെടുത്തു. ന്യൂസ് ക്ലിക്കിൽ 2022 വരെയാണ് അനുഷ ജോലി ചെയ്തിരുന്നതെന്നാണ് വിവരം. അനുഷയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കേരള പോലീസിനെ അറിയിച്ച ശേഷമായിരുന്നു പരിശോധന. അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡൽഹി പോലീസ് കേരളത്തിലെത്തിയതെന്നാണ് പറയുന്നത്. അനുഷ പോളും കുടുംബവും ഡൽഹിയിൽ സ്ഥിരതാമസക്കാരാണ്. അനുഷയുടെ മാതാവിന്റെ കുടുംബ വീടാണ് പത്തനംതിട്ട കൊടുമണിലുള്ളത്. അടുത്ത കാലത്താണ് ഇവർ പത്തനംതിട്ടയിൽ സ്ഥിരതാമസമാക്കിയത്. നടപടികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഡൽഹി പോലീസ് വ്യക്തമാക്കിയിട്ടില്ല.
ന്യൂസ് ക്ലിക് ചൈനീസ് അനുകൂല പ്രചാരണം നടത്തുന്നതിനായി വിദേശ ഫണ്ട് കൈപ്പറ്റിയെന്ന ഗുരുതര ആരോപണമാണ് പോലീസ് ഉന്നയിക്കുന്നത്. വിദേശ ശക്തികളുമായി ചേർന്ന് രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കാൻ ശ്രമിച്ചു. കശ്മീരും അരുണാചൽ പ്രദേശും തർക്കപ്രദേശമെന്ന് വാർത്തകളിലൂടെ വരുത്തി തീർത്ത് രാജ്യതാൽപര്യത്തിന് എതിരുനിന്നു തുടങ്ങിയ ആരോപണങ്ങളാണ് റെയ്ഡിന് ആസ്പദമായി പോലീസും കേന്ദ്രസർക്കാർ ഏജൻസികളും ഉയർത്തുന്നത്.
അതിനിടെ, ന്യൂസ് ക്ലിക്കിനെതിരായ കേസിന്റെ എഫ്.ഐ.ആർ പുറത്ത് വന്നിട്ടുണ്ട്. ന്യൂസ് ക്ലിക്ക് നിയമവിരുദ്ധമായി അഞ്ചുവർഷം വിദേശ ഫണ്ട് സ്വീകരിച്ചുവെന്നാണ് ഡൽഹി പോലീസിന്റെ എഫ്.ഐ.ആറിലുള്ളത്. 2019-ൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എഡിറ്റർ പുരകായസ്ത ശ്രമിച്ചെന്നും എഫ്.ഐ.ആറിൽ ആരോപണമുണ്ട്. ബുധനാഴ്ചയാണ് ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്തയും എച്ച്.ആർ മാനേജർ അമിത് ചക്രവർത്തി അടക്കമുള്ളവരെ ഡൽഹി പ്രത്യേക പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തുടർന്ന് ഇരുവരെയും ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.