തിരുവനന്തപുരം - കേരളത്തിലെ തൊഴിലാളിവർഗ രാഷ്ട്രീയത്തെ ആറുപതിറ്റാണ്ടുകാലം നയിച്ച് വിടവാങ്ങിയ മുതിർന്ന സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദന് നാടിന്റെ ആന്ത്യാഞ്ജലി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു.
മൃതദേഹം വിലാപ യാത്രയായാണ് പാർട്ടി പ്രവർത്തകർ ശാന്തി കവാടത്തിൽ എത്തിച്ചത്. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി ഓഫീസിൽനിന്ന് ആരംഭിച്ച വിലാപയാത്രയിൽ നിരവധി പേർ പങ്കെടുത്തു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മന്ത്രിമാർ, വിവിധ പാർട്ടി നേതാക്കൾ, പ്രവർത്തകർ അടക്കം ശാന്തികവാടത്തിൽ എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ.ജി സെന്ററിലെത്തി അന്ത്യോപചാരം അർപ്പിച്ചു.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ടാണ് ജനനേതാവ് അന്തരിച്ചത്. 2009 മുതൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായിരിക്കെയാണ് വിയോഗം. ആറ്റിങ്ങലിൽനിന്ന് മൂന്നുതവണ എം.എൽ.എയായ അദ്ദേഹം 2006 മുതൽ 2011 വരെ നിയമസഭയിൽ ചീഫ് വിപ്പായും പ്രവർത്തിച്ചു. കയർ, തോട്ടം, കശുവണ്ടി, മോട്ടോർ, കെ.എസ്.ആർ.ടി.സി തുടങ്ങി വിവിധ മേഖലകളിലെ തൊഴിലാളികളുടെ അവകാശപ്പോരാട്ടങ്ങളുടെ മുൻനിരയിലുണ്ടായിരുന്നു. ഇ.എം.എസ് മുഖ്യമന്ത്രിയായിരിക്കെ ബ്രാഞ്ച് സെക്രട്ടറിയായ സമയത്ത്, പാർട്ടിയുടെ ഭീഷണിക്കു വഴങ്ങാതെ തൊഴിലാളികളെ സെക്രട്ടേറിയറ്റിന് മുമ്പിൽ സംഘടിപ്പിച്ച് അവകാശം നേടിയെടുത്തതുൾപ്പെടെ വിവിധ സർക്കാറുകളുടെ കാലത്ത് ആവേശോജ്വലമായ പോരാട്ടത്തിന് ധീരമായ നേതൃത്വമാണ് അദ്ദേഹം നൽകിയിരുന്നത്.