തൃശൂർ- പേപ്പർ ഗ്ലാസുകൾകൊണ്ട് 400 ചതുരശ്ര അടിയിൽ പത്മശ്രീ എം.എ യൂസഫലിയുടെ രൂപം തീർത്ത് തൃശൂർ സ്വദേശി. വാടനാപ്പള്ളി സ്വദേശി ജയേഷ് കാഞ്ഞങ്ങാട്ടാണ് ആറായിരം പേപ്പർ ഗ്ലാസുകൊണ്ട് യൂസഫലിയുടെ രൂപം തീർത്തത്.
ഇന്റീരിയർ ഡിസൈനറായ ജയേഷിന്റെ ഏറെകാലത്തെ ആഗ്രഹമായിരുന്നു പത്മശ്രീ എം.എ യൂസഫലിയുടെ ഒരു വ്യത്യസ്ത ചിത്രം ഒരുക്കണമെന്നുള്ളത്. ഇതിനായി ആദ്യം 400 ചതുരശ്രയടിയിൽ വൃത്താകൃതിയിൽ കാർഡ് ബോർഡ് ഒരുക്കി. ശേഷം യൂസഫലിയുടെ ചിത്രം അതിൽ അടയാളപ്പെടുത്തി. തുടർന്ന് ആറായിരം പേപ്പർ ഗ്ലാസുകൾ പ്രത്യേക പശ കൊണ്ട് ഇതിന് മുകളിൽ ഉറപ്പിച്ചു. ഒടുവിൽ ഗ്ലാസുകളിൽ വെള്ളയും, കറുപ്പും നിറങ്ങൾ കൂടി ചേർത്തപ്പോൾ വിരിഞ്ഞത് ആരേയും അതിശയിപ്പിക്കുന്ന യൂസഫലിയുടെ മനോഹര ചിത്രം.
25,000 രൂപ ചിലവിൽ നിർമിച്ച ചിത്രത്തിന് ഒന്നര മാസത്തെ പ്രയത്നവും വേണ്ടിവന്നു. നേരത്തെ 5000 ചിരട്ടകളാൽ സുരേഷ് ഗോപി ചിത്രം, 2000 കുപ്പികളുടെ അടപ്പുകളാൽ ഗാന്ധി ചിത്രം, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ, ഗോകുൽ സുരേഷ് ഗോപി എന്നിവരുടെ ത്രീഡി ഇഫക്ടിൽ തീർത്ത ചിത്രങ്ങളും ജയേഷ് ഒരുക്കിയിട്ടുണ്ട്. യൂസഫലിയുടെ ചിത്രം അദ്ദേഹത്തിന്റെ സ്വന്തം മാളിൽ ജനങ്ങൾക്ക് കാണാൻ ഒരു ദിവസമെങ്കിലും പ്രദർശിപ്പിക്കണമെന്നതാണ് ജയേഷിന്റേയും കുടുംബത്തിന്റേയും ആഗ്രഹം.