ഓസ്ലോ - സമാധാനത്തിനുള്ള 2023-ലെ നൊബേൽ സമ്മാനം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗസ് മുഹമ്മദിക്ക്. സ്ത്രീകളെ അടിച്ചമർത്തുന്ന ഇറാൻ ഭരണകൂടത്തിനെതിരായ പോരാട്ടത്തിനാണ് മാധ്യമപ്രവർത്തക കൂടിയായ നർഗസിനെ നൊബേൽ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തതെന്ന് നോർവീജിയൻ നൊബേൽ കമ്മിറ്റി ചെയർ ബെറിറ്റ് റെയ്‌സ് ആൻഡേഴ്‌സൺ അറിയിച്ചു. ആൽഫ്രഡ് നൊബേലിന്റെ ചരമവാർഷികമായ ഡിസംബർ പത്തിന് പുരസ്‌കാരം സമ്മാനിക്കും.
2003-ൽ മനുഷ്യാവകാശ പ്രവർത്തക ഷിറിൻ എബാദി പുരസ്‌കാരം നേടിയ ശേഷം സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടുന്ന 19-ാമത്തെ വനിതയും രണ്ടാമത്തെ ഇറാനിയൻ വനിതയുമാണ് നർഗസ് മുഹമ്മദി. 13 തവണ തടവിലാക്കപ്പെടുകയും അഞ്ചുതവണ ശിക്ഷിക്കപ്പെടുകയും ചെയ്ത ഇവർ ഇതിനകം 31 വർഷത്തെ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 51-കാരിയായ നർഗസ് 12 വഷത്തെ ജയിൽ ശിക്ഷയുമായി ഇപ്പോഴും തെഹ്‌റാനിലെ ജയിലിലാണ് കഴിയുന്നത്. വധശിക്ഷയ്‌ക്കെതിരെ നിരന്തരം പോരാടിയ ഇവരെ, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ചാണ് ഇറാൻ ഭരണകൂടം ശിക്ഷിച്ചത്.