ന്യൂഡൽഹി - ശബരിമല യുവതീ പ്രവേശന കേസിന്റെ വാദം കേൾക്കുന്ന തിയ്യയതി ഈ മാസം 12ന് തീരുമാനിക്കും. നിലവിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം പൂർത്തിയാക്കി കേസ് വിധി പറയാൻ മാറ്റിവെച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഏഴ്, ഒൻപത് അംഗ ബെഞ്ചുകളുടെ പരിഗണനയിലുള്ള ഹരജികളിൽ വാദം കേൾക്കുന്ന തിയ്യതി അടക്കം അടുത്തയാഴ്ച തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കിയത്.
ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ച സുപ്രിംകോടതിയുടെ ചരിത്ര വിധിയെ ആദ്യ ഘട്ടത്തിൽ എല്ലാവരും സ്വാഗതം ചെയ്‌തെങ്കിലും പിന്നീട് പലരും അതിൽനിന്ന് പിറകോട്ട് പോയി കോടതി വിധിക്കെതിരെ രംഗത്തുവന്നതോടെയാണ് അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വിവിധ ഹരജികൾ കോടതി കയറിയത്. വിശ്വാസവും മൗലികാവകാശവുമെല്ലാം ഇഴചേർന്നുനിൽക്കുന്ന വിഷയം വോട്ടുബാങ്ക് രാഷ്ട്രീയത്തിനായി ഹിന്ദുത്വശക്തികൾ ആയുധമാക്കിയതോടെ സംസ്ഥാനത്ത് കലുഷമായ രാഷ്ട്രീയ അന്തരീക്ഷമാണുണ്ടായത്.