മുംബൈ-വിവാഹാഘോഷവുമായി ബന്ധപ്പെട്ട് ഇഡി വരനെ ചോദ്യം ചെയ്തു. ചോദ്യം ചെയ്തത് വരനെ മാത്രമല്ല, വിവാഹത്തില്‍ പങ്കെടുത്ത ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിനെ അടക്കമാണ്. ഇതോടെ 'മഹാദേവ് ഓണ്‍ലൈന്‍ ബുക്ക് ആപ്പ്' വാര്‍ത്താ പ്രധാന്യം നേടി. ചോദ്യം ചെയ്യലിനുള്ള കാരണമെന്താണെന്നല്ലേ? വിവാഹത്തിന്റെ ചെലവ് കാശ് മുഴുവനും പണമായി നല്‍കിയെന്നത് തന്നെ. ഇതിലെന്താണ് തെറ്റെന്ന് തോന്നുന്നുണ്ടെങ്കില്‍ ആ ചെലവ് കാശ് എത്രയെന്ന് കൂടിയറിയണം. അത് ഒന്നും രണ്ടും കോടിയല്ല, മറിച്ച് 200 കോടി രൂപയാണ്.
ഓണ്‍ലൈന്‍ വാതുവെപ്പ് പ്ലാറ്റ്‌ഫോമിന്റെ പ്രമോട്ടര്‍മാരില്‍ ഒരാളായ സൗരഭ് ചന്ദ്രകറാണ് ഇഡി ചോദ്യം ചെയ്ത ആ വരന്‍. സൗരഭിന്റെ വിവാഹം കഴിഞ്ഞ ഫെബ്രുവരിയില്‍ റാസല്‍ഖൈമയില്‍ വച്ചായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള വിരുന്നുകാരെ റാസല്‍ഖൈമയിലേക്ക് കൊണ്ട് പോയതാകട്ടെ സ്വകാര്യ ജറ്റ് വിമാനങ്ങളില്‍. മുംബൈ ആസ്ഥാനമായുള്ള ഇവന്‍മാനേജ്മെന്റ് വിവാഹം അതിമനോഹരമായി കൈകാര്യം ചെയ്തു. എന്നാല്‍ ഇതിനെല്ലാറ്റിനും വേണ്ടി ചെലവായ കാശ്, പണമായി നല്‍കിയതാണ് ഇഡിയെ സംശയമുനയില്‍ നിര്‍ത്തിയത്. പ്രത്യേകിച്ചും ചെലവിനുള്ള 200 കോടിയും പണമായി കൈമാറിയെന്നത് ഇഡിയുടെ സംശയം വര്‍ദ്ധിപ്പിച്ചു. സെപ്റ്റംബര്‍ 15 ലെ പ്രസ്താവനയില്‍, ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിന് ഹവാല ഇടപാടുകള്‍ വഴി 112 കോടി രൂപ എത്തിച്ചെന്നും ഇത് കൂടാതെ 42 കോടി രൂപയുടെ ഹോട്ടല്‍ ബുക്കിംഗുകള്‍ യുഎഇ കറന്‍സിയില്‍ പണമായി നല്‍കിയെന്നും ഇഡി പറയുന്നു. തുടര്‍ന്ന് ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനവുമായി ബന്ധപ്പെട്ടവരുടെ സ്ഥലങ്ങളില്‍ ഇഡി നടത്തിയ പരിശോധനയില്‍ ഹവാല ഇടപാടുകളുടെയും കണക്കില്‍ പെടാത്ത പണത്തിന്റെയും തെളിവുകള്‍ കണ്ടെത്തിയതായും ഏജന്‍സി അറിയിച്ചു.
രാജ്യത്തെ പല സെലിബ്രിറ്റികള്‍ക്കും ഈ വാതുവെപ്പ് സ്ഥാപനവുമായി ഇടപാടുണ്ടെന്നും അവരുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ടെന്നും ഇഡി പറയുന്നു. ഓണ്‍ലൈന്‍ വാതുവെപ്പിന്റ് വരുമാനത്തില്‍ നിന്നാണ് വിവാഹ ചെലവിനുള്ള പണം നല്‍കിയതെന്നും ഇഡി കൂട്ടിച്ചേര്‍ക്കുന്നു. റാപ്പിഡ് ട്രാവല്‍സ് നടത്തുന്നത് ധീരജ് അഹൂജയ്ക്കും വിശാല്‍ അഹൂജയ്ക്കും ഈ സംഘങ്ങളുമായി ബന്ധമുണ്ട്. വാതുവയ്പ്പുകളില്‍ നിന്നുള്ള അനധികൃത പണം ആഭ്യന്തര/അന്തര്‍ദേശീയ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ഉപയോഗിച്ചു. ഒപ്പം മഹാദേവ് ഓണ്‍ലൈന്‍ ബുക്ക് ആപ്പിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായ മറ്റ് ചിലരെയും തിരിച്ചറിഞ്ഞതായി ഏജന്‍സി അവകാശപ്പെട്ടു. സൗരഭ് ചന്ദ്രകര്‍, രവി ഉപ്പല്‍ എന്നിവരാണ് ആപ്പിന്റെ പ്രധാന പ്രമോട്ടര്‍മാര്‍ എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഛത്തീസ്ഗഡിലെ ഭിലായില്‍ നിന്നുള്ള ഇവര്‍ ദുബായില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് 39 സ്ഥലങ്ങളില്‍ പരിശോധന നടത്തി 417 കോടി രൂപയുടെ അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി കേന്ദ്ര ഏജന്‍സി അറിയിച്ചു