ന്യൂഡൽഹി - വന്ദേഭാരത് ട്രെയിനിന് ഓറഞ്ച് നിറം നൽകിയതിൽ രാഷ്ട്രീയമില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. നിറം തെരഞ്ഞെടുത്തത് 100 ശതമാനം ശാസ്ത്രത്തിന്റെ പിൻബലത്തിലാണെന്ന് അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു.
'മനുഷ്യന്റെ കണ്ണുകളിൽ രണ്ട് നിറങ്ങളാണ് വേഗത്തിൽ തിരിച്ചറിയാൻ കഴിയുന്നത്. അത്, മഞ്ഞയും ഓറഞ്ചുമാണ്. യൂറോപ്പിൽ 80 ശതമാനം ട്രെയിനുകളുടെയും നിറം ഓറഞ്ച് അല്ലെങ്കിൽ മഞ്ഞയുടെയും ഓറഞ്ചിന്റെയും കോംപിനേഷനുകളാണ്. മഞ്ഞയും ഓറഞ്ചും പോലെ തിളക്കമേറിയ ധാരാളം നിറങ്ങൾ വേറെയുമുണ്ട്. വെള്ള നിറം തിളക്കമേറിയതാണ്. എന്നാൽ മനുഷ്യന്റെ കണ്ണിന് പെട്ടെന്ന് തിരിച്ചറിയാനാവുക ഓറഞ്ചും മഞ്ഞയുമാണ്. ഈ നിറം ഏറ്റവും അനുയോജ്യമായതിനാൽ അവ പരിഗണിക്കുകയായിരുന്നു' - മന്ത്രി പറഞ്ഞു.
വിമാനത്തിന്റെയും കപ്പലിന്റെയും ബ്ലാക്ക് ബോക്‌സുകളും ഓറഞ്ച് നിറത്തിലാണ്. ബോട്ടുകളിൽ ഉപയോഗിക്കുന്ന ലൈഫ് ജാക്കറ്റും ഓറഞ്ച് നിറമാണ്. ദേശീയ ദുരന്തനിവാരണ സേന ഉപയോഗിക്കുന്ന ലൈഫ് ജാക്കറ്റിന്റെ നിറവും ഓറഞ്ച് ആണെന്ന് അദ്ദേഹം വിശദീകരിച്ചു.