Sorry, you need to enable JavaScript to visit this website.

മനീഷ് സിസോദിയക്കെതിരെ തെളിവ് എവിടെ? ഇ.ഡിയോടും സി.ബി.ഐയോടും സുപ്രീം കോടതി

ന്യൂദല്‍ഹി- ആംആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയക്കെതിരെയുള്ള തെളിവ് എവിടെ എന്ന് അന്വേഷണ ഏജന്‍സികളോട് സുപ്രീം കോടതി. സിസോദിയയുടെ ജാമ്യഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എന്‍. ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് ചോദ്യമുന്നയിച്ചത്.
തെളിവുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയ കോടതി, കേസിലെ പ്രതിയായ ദിനേഷ് അറോറ നല്‍കിയ മൊഴിയല്ലാതെ മറ്റേതെങ്കിലും തെളിവ് സിസോദിയക്കെതിരെ ഉണ്ടോ എന്നും ആരാഞ്ഞു. ദിനേഷ് അറോറ പിന്നീട് കൂറുമാറി മാപ്പുസാക്ഷിയാവുകയും ജാമ്യം നേടുകയും ചെയ്തിരുന്നു.
സിസോദിയ പണം കൈപ്പറ്റിയതായാണ് അന്വേഷണ സംഘങ്ങള്‍ കേസെടുത്തിട്ടുള്ളത്. എന്നാല്‍, മദ്യലോബിയില്‍നിന്ന് സിസോദിയയുടെ പക്കല്‍ ആ പണം എങ്ങനെയാണ് എത്തിച്ചേര്‍ന്നതെന്ന് കോടതി ചോദിച്ചു. നിരവധി വ്യക്തികള്‍ പണം നല്‍കുന്നുണ്ടാകാം, പക്ഷെ അതെല്ലാം മദ്യവിഷയവുമായി ബന്ധപ്പെട്ടതാവണമെന്നില്ല. തെളിവെവിടെ? ദിനേഷ് അറോയും പണം കൈപ്പറ്റിയ വ്യക്തിയാണ്, അതിനും തെളിവെവിടെ? അറോറ നല്‍കിയ മൊഴിയല്ലാതെ മറ്റെന്തെങ്കിലും തെളിവുണ്ടോ- ജസ്റ്റിസ് ഖന്ന ആരാഞ്ഞു. തെളിവുകള്‍ അപര്യാപ്തമാണെന്ന് കോടതി നിരീക്ഷിച്ചു.
പണമിടപാട് അതീവരഹസ്യമായി നടത്തിയതിനാല്‍ സമ്പൂര്‍ണമായി തെളിവുകള്‍ ഹാജരാക്കുന്നത് ബുദ്ധിമുട്ടുള്ള സംഗതിയാണെന്ന് കോടതി ശരിവെച്ചു. എന്നാല്‍ അവിടെയാണ് ഇ.ഡിയും സി.ബി.ഐയും കാര്യക്ഷമത കാണിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

 

Latest News