Sorry, you need to enable JavaScript to visit this website.

'എല്ലാം വായിച്ചി തന്ന അക്ഷരങ്ങൾ...'; വെന്റിലേറ്ററിൽ കിടക്കവേ ഉപ്പയെക്കുറിച്ച് മകൻ

വെന്റിലേറ്ററിന് മുന്നിൽ പ്രാർത്ഥനയുടെ ബലത്തിൽ പ്രതീക്ഷയുടെ ആകാശവും നോക്കിയിരിക്കെ ഞാനൊരു ചെറിയ കുട്ടിയായി. വെന്റിലേറ്ററിനുള്ളിൽ വായിച്ചിയുണ്ട്. ഇന്നലെ വരെ ഞങ്ങളോടെല്ലാം വർത്താനവും പറഞ്ഞ്, ഭക്ഷണവും കഴിച്ചിരിക്കെ പെട്ടെന്ന് വാടിയങ്ങു വീണതായിരുന്നു. 
ഞങ്ങൾക്കിപ്പോ പ്രാർത്ഥന മാത്രമാണ് കൂട്ട്..
സ്‌കൂൾ വിട്ടുവരുന്ന സമയത്ത് അങ്ങാടിയിൽ കാത്തിരിക്കും. മമ്മുണ്ണ്യാക്കയുടെ ഹോട്ടലിൽനിന്ന് പൊറാട്ടയും കറിയും വാങ്ങിത്തരും. കൂടെയുള്ളവർക്കെല്ലാം തരും. 
കാലങ്ങളായി പെരിയമ്പലം അങ്ങാടിയുടെ ഭാഗമായിരുന്നു വായിച്ചി. അവിടെ ഏതെങ്കിലും ഒരു മൂലയിൽ ഉപ്പയുണ്ടാകും. 
പഞ്ചായത്ത് ഓഫീസിൽ
വില്ലേജ് ഓഫീസിൽ
മാവേലി സ്റ്റോറിൽ 
റേഷൻ കടയിൽ എവിടെയെങ്കിലുമുണ്ടാകും.
എവിടെയും കാണാത്ത ദിവസങ്ങളിൽ ഞാനങ്ങാടിയിൽ കാത്തിരിക്കും. 
വരുമെന്ന പ്രതീക്ഷ തെറ്റിക്കാതെ സൈക്കിളിൽ പതിയെ ചവിട്ടിയെത്തുന്നത് കാണാം.
സോവിയറ്റ് നാടാണ് എനിക്കാദ്യം തന്ന പുസ്തകം. ആരോ കൊടുക്കുന്നതാണ്. അതെല്ലാം എനിക്കുമാത്രമായി തരുന്നതാണ്. പിന്നീട് ചന്ദ്രിക ആഴ്ച്ചപതിപ്പിന്റെ പത്തുനാൽപതു കൊല്ലത്തെ കോപ്പി എവിടെനിന്നോ എനിക്ക് കൊണ്ടുവന്നുതന്നു. ബൈൻഡ് ചെയ്ത കോപ്പിയായിരുന്നു. എണ്ണിയാലൊടുങ്ങാത്തത്രയും പുസ്തകങ്ങൾ പിന്നീട് വാങ്ങിത്തന്നു.
ഞാൻ എഴുതിയ പുസ്തകങ്ങളും ലേഖനങ്ങളും നോക്കി ന്റെ കുട്ടി എഴുതിയത് എന്ന് ആരോടൊക്കെയോ പറഞ്ഞു.
ഒന്നും ഞാനെഴുതിയതായിരുന്നില്ല. എല്ലാം വായിച്ചി തന്ന അക്ഷരങ്ങളായിരുന്നു. ഉപ്പയില്ലെങ്കിൽ ഞാനില്ല, ഒരണുമണിപോലും..
പെരിയമ്പലം അങ്ങാടിയിൽ സൈക്കിൾ വാടകക്ക് കൊടുക്കുന്ന കട തുടങ്ങിയത് പിന്നെയും കഴിഞ്ഞാണ്. അതിന് മുമ്പ് ചായക്കച്ചവടം, സിമന്റ് കട അങ്ങിനെയൊക്കെ ഉണ്ടായിരുന്നു. ഞാനത് കണ്ടിട്ടില്ല. 
കഴിഞ്ഞ ദിവസം എളാപ്പയെ കൂട്ടി വരുന്നതിനിടെ ഞാൻ ചോദിച്ചു. വായിച്ചി എന്നെങ്കിലും പാട്ടുപാടുന്നത് കേട്ടിരുന്നോ എന്ന്.
ഇല്ല, എളാപ്പ കേട്ടിട്ടില്ല.
വല്യാപ്പു ഒരു പണിയും എടുക്കാത്ത ഒരു ദിവസവും ഉണ്ടായിട്ടില്ല. എളാപ്പ പറഞ്ഞു.
അഞ്ചോ, ആറോ വയസിൽ തുടങ്ങിയ പണിയാണ്. ഒരു പണിയുമില്ലെങ്കിൽ ഏതെങ്കിലുമൊക്കെ തൊടിയിൽ നടന്ന് തേക്കില പറിച്ചുകൊണ്ടുവരും. അത് മീൻകാരന് കൊടുത്ത് മീൻ പകരം വാങ്ങും..
സൈക്കിൾ പീടികയിൽ വായിച്ചിയെ സഹായിച്ചിരുന്ന കാലമുണ്ടായിരുന്നു എനിക്ക്. ബാലരമയും പൂമ്പാറ്റയും ലാലു ലീലയുമൊക്കെ പലപ്പോഴായി കൊണ്ടുവന്നു തരും. ചില ദിവസങ്ങളിൽ ഉപ്പയുടെ ചുറ്റിലും ആളുകളാണ്. പഞ്ചായത്തിലേക്കും വില്ലേജിലേക്കും ആവലാതിയുമായി വരുന്നവരുടെ ആവശ്യങ്ങൾ എഴുതികൊടുക്കും. നല്ല വടിവൊത്ത അക്ഷരങ്ങളിൽ എല്ലാം കൃത്യമായി എഴുതിവെക്കും. വന്നവർക്ക് ഒപ്പുമാത്രമേ ഇടാൻ ബാക്കിയുണ്ടാകൂ. 
മാവേലി സ്റ്റോറിലും റേഷൻ കടയിലുമെത്തുന്ന അരി ഇറക്കുന്ന പണിയുണ്ടായിരുന്നു കുറേകാലം. ഞാൻ സ്‌കൂൾ വിട്ടുവരുന്ന സമയത്താകും ലോറി എത്തിയിട്ടുണ്ടാകുക. അരിയിറക്കി കഴിയുന്നതും വരെ ഞാൻ കാത്തിരിക്കും. അന്ന് പൊറോട്ടക്കൊപ്പം കനമുള്ള കറി വല്ലതുമുണ്ടാകും. ഉപ്പയുടെ വിയർപ്പിന്റെ മണമാണ് എനിക്കാകെ....
ഒരിക്കൽ കൂടി ഇറങ്ങിവന്ന് ഞങ്ങളോടൊക്കെ ചിരിച്ചും ഉമ്മവെച്ചും ഉപ്പവന്നെങ്കിലെന്ന പ്രാർത്ഥനയോടെ..
പ്രതീക്ഷയുടെ മിനാരവും നോക്കിയിരിക്കുന്നു..

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 (ഇന്ന് വൈകീട്ട് നിര്യാതനായ മലപ്പുറം ജില്ലയിലെ പുളിക്കൽ പെരിയമ്പലം സ്വദേശിയും ആദ്യകാല വ്യാപാരിയുമായിരുന്ന ചാമപ്പറമ്പ് പൈങ്ങിണിപ്പറമ്പൻ മുഹമ്മദ്കുട്ടിയെ കുറിച്ച് അദ്ദേഹത്തിന്റെ മകനും മലയാളം ന്യൂസ് പത്രാധിപ സമിതി അംഗവുമായ വഹീദ് സമാൻ മരിക്കുന്നതിന് ആറു ദിവസം മുമ്പ് എഫ്.ബിയിൽ എഴുതിയ കുറിപ്പ്)

Latest News