അലഹബാദ് - അഗ്‌നിക്ക് ചുറ്റും ഏഴുവട്ടം ചുറ്റുന്ന സപ്തപദി ചടങ്ങുകളും മറ്റ് ആചാരങ്ങളും ഇല്ലാതെ ഹിന്ദു വിവാഹത്തിന് സാധുതയില്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ വിചിത്ര വിധി. വിവാഹമോചനം നേടാതെ രണ്ടാം വിവാഹം കഴിച്ച ഭാര്യക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭര്‍ത്താവ് സമര്‍പ്പിച്ച പരാതിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 'വിവാഹം എന്ന വാക്കിന്റെ അര്‍ത്ഥം ശരിയായ ചടങ്ങുകളോടെ വിവാഹം നടത്തുക എന്നാണ്. ശരിയായ ചടങ്ങുകളോടും ശരിയായ രീതിയോടും കൂടി വിവാഹം നടത്തിയില്ലെങ്കില്‍ അതിനെ 'ആഘോഷം' എന്ന് പറയാന്‍ കഴിയില്ല. നിയമത്തിന്റെ ദൃഷ്ടിയില്‍ അത് വിവാഹമല്ല. ഹിന്ദു നിയമപ്രകാരമുള്ള 'സപ്തപദി' ചടങ്ങ് സാധുതയുള്ള ഒരു വിവാഹബന്ധത്തിന് അവശ്യമായ ഘടകങ്ങളില്‍ ഒന്നാണ്', ഹര്‍ജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് സഞ്ജയ് കുമാര്‍ പറഞ്ഞു. 2017-ലായിരുന്നു സ്മൃതി സിങ്ങും സത്യം സിങ്ങും തമ്മിലുള്ള വിവാഹം. സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനത്തെ തുടര്‍ന്ന് സ്മൃതി ഭര്‍ത്താവിനെതിരെ കേസ് കൊടുക്കുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പിന്നീട് ജീവനാംശത്തിനായി സമര്‍പ്പിച്ച അപേക്ഷ പ്രകാരം മിര്‍സാപൂര്‍ കുടുംബ കോടതി 2021 ജനുവരി 11-ന് സ്മൃതി പുനര്‍വിവാഹം ചെയ്യുന്നതുവരെ പ്രതിമാസം 4,000 രൂപ ജീവനാംശമായി നല്‍കണമെന്ന് ഭര്‍ത്താവിനോട് നിര്‍ദേശിച്ചു. ഭാര്യ രണ്ടാം വിവാഹം കഴിച്ചുവെന്ന് കാണിച്ച് 2021 സെപ്തംബര്‍ 20-ന് സത്യം സിങ്ങ് മറ്റൊരു പരാതി നല്‍കി. ഈ കേസിലാണ് അഗ്‌നിക്ക് ചുറ്റും ഏഴുവട്ടം ചുറ്റിയാലേ ഹിന്ദു വിവാഹം സാധുവാകൂവെന്ന് കോടതി പറഞ്ഞത്.