സ്‌റ്റോക്‌ഹോം- സമകാലിക നോര്‍വീജിയന്‍ സാഹിത്യത്തിലെ അതികായനായ എഴുത്തുകാരന്‍ യോണ്‍ ഫൊസ്സേയ്ക്ക് 2023 ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം.നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ വിഖ്യാതനായ എഴുത്തുകാരനാണ് യോണ്‍ ഫൊസ്സെ. നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായ എഴുത്താണ് ഫൊസ്സേയുടേതെന്ന് നോര്‍വീജിയന്‍ അക്കാദമി പറഞ്ഞു.
നോവല്‍, ചെറുകഥ, കവിത, നാടകം, ലേഖനം, ബാലസാഹിത്യം, സിനിമ എന്നിങ്ങനെ നിറഞ്ഞുനില്‍ക്കുന്നതാണ് ഫൊസേയുടെ ലോകം. 1989 മുതലുള്ള എഴുത്തുജീവിതത്തില്‍ രചിക്കപ്പെട്ട മുപ്പത് പുസ്തകങ്ങള്‍ നാല്‍പ്പതിലേറെ ഭാഷകളിലേക്ക് മൊഴി മാറ്റപ്പെട്ടിട്ടുണ്ട്.
1959ല്‍ നോര്‍വേയുടെ പടിഞ്ഞാറന്‍ തീരത്താണ് അദ്ദേഹം ജനിച്ചത്. 1983ല്‍ പുറത്തിറങ്ങിയ ചുവപ്പ്, കറുപ്പ് എന്ന നോവലിലൂടെയാണ് അദ്ദേഹം ഫിക്ഷന്‍ ലോകത്തേക്കു ചുവടുകള്‍ വെച്ചത്. സെപ്‌റ്റോളജി എന്ന പേരില്‍ പുറത്തുവന്ന നോവല്‍ ത്രയം അദ്ദേഹത്തെ ലോകപ്രശസ്തനാക്കി. നോവല്‍, നാടകം, ഉപന്യാസം, ബാലസാഹിത്യം, വിവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ പ്രതിഭ തെളിയിച്ചിട്ടുണ്ട്.