നാൽപ്പത് ലക്ഷം ജനങ്ങൾക്ക് പൗരത്വം നിഷേധിച്ചുകൊണ്ടുള്ള അസമിലെ ബി.ജെ.പി സർക്കാരിന്റെ തീരുമാനം കേവലം പൗരത്വ നിഷേധം മാത്രമായി കണ്ടുകൂടാ. ഒരു വംശീയ ശുദ്ധീകരണം ലക്ഷ്യമാക്കിക്കൊണ്ടുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി മാത്രമേ ഈ നടപടിയെ വിലയിരുത്താൻ സാധിക്കൂ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനിച്ചുവളർന്ന പല ജനവിഭാഗങ്ങളും ഇത്തരത്തിലുള്ള വംശീയ ഉന്മൂലനങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഏകജാതകമായ ഭൂമിശാസ്ത്ര മേഖല സൃഷ്ടിക്കുന്നതിനുവേണ്ടി പ്രത്യേകമായ വംശീയ വിഭാഗങ്ങളിൽ നിന്നുള്ള വ്യക്തികളെ നാടു കടത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുകയാണ് വംശീയ ശുദ്ധീകരണത്തിലൂടെ ഫാസിസ്റ്റ് ഭരണാധികാരികൾ ലക്ഷ്യമാക്കിയിട്ടുള്ളത്. ഫാസിസ്റ്റുകൾ അധികാരത്തിലിരിക്കുമ്പോൾ മിക്ക രാജ്യങ്ങളിലും ഇത് സംഭവിച്ചിട്ടുണ്ട്. ബിസി 149 മുതലുള്ള വംശീയ ശുദ്ധീകരണത്തിന്റെ ചരിത്രം ലഭ്യമാണ്.
ആധുനിക ചരിത്രത്തിൽ 13-ാം നൂറ്റാണ്ടു തൊട്ട് വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ ജൂത വിഭാഗങ്ങൾ വംശീയ ഉന്മൂലനത്തിനു വിധേയമായിട്ടുണ്ട്. ജർമനിയിൽ ഹിറ്റ്‌ലറും ഇറ്റലിയിൽ മുസ്സോളനിയും സോവിയറ്റ് റഷ്യയിൽ സ്റ്റാലിനും ഇത്തരം വംശീയ ഉന്മൂലനങ്ങൾക്ക് നേതൃത്വം നൽകിയവരാണ്. സ്പെയിനിലെ രണ്ടര ലക്ഷത്തിലധികം ജൂതന്മാർ നാടു കടത്തൽ ഭീഷണിയെ അതിജീവിക്കാൻ വേണ്ടി കത്തോലിക്കാ മതം ആശ്ലേഷിക്കാൻ നിർബന്ധിതമായിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഒടുവിൽ ബോസ്‌നിയയിൽ നടന്ന വംശീയ ഉന്മൂലനം ചരിത്രത്തിലെ തന്നെ ഏറ്റവും നടുക്കമുണ്ടാക്കിയ വംശീയ ഉന്മൂലനമാണ്. വെറും 4.5 ദശലക്ഷം മാത്രം ജനസംഖ്യയുണ്ടായിരുന്ന ബോസ്നിയ-ഹെർസഗോവിനയെ വേദിയാക്കി അന്നത്തെ ബോസ്നിയൻ സെർബ് പ്രസിഡന്റ് റോഡോവൻ കറാഡ്സിക്ക് നടത്തിയ വംശീയ ശുദ്ധീകരണത്തിൽ 1,30,000 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. കൂട്ടക്കൊല നടത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച ബോസ്നിയൻ സെർബ് ജനറലായ റാറ്റ്കോ മ്ലാഡികിനെ യുദ്ധ കുറ്റങ്ങൾക്കും വംശഹത്യയ്ക്കും മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങൾക്കും ഐക്യരാഷ്ട്രസഭയുടെ യുദ്ധക്കുറ്റ ട്രിബ്യൂണൽ ജീവപര്യന്തം ശിക്ഷിച്ചത് കഴിഞ്ഞ നവംബറിലാണ്. അതുപോലെ തന്നെയാണ് ഇറാഖിലെ കുർദ് വംശജർ സദ്ദാം ഹുസൈനിനു കീഴിൽ അനുഭവിച്ച വംശീയ പ്രശ്‌നങ്ങൾ. പുരാതന മൊസെപൊട്ടേമിയൻ സംസ്‌കാരത്തിന്റെ നെടുംതൂണുകളായിരുന്ന കുർദുകൾ 6000 വർഷത്തെ ചരിത്ര പാരമ്പര്യം സൂക്ഷിക്കുന്നവരാണ്. 1986 -1988 കാലഘട്ടത്തിൽ സദ്ദാം ഹുസൈൻ രണ്ടു ലക്ഷത്തോളം കുർദുകളെ കൊന്നൊടുക്കിയെന്നാണ് കണക്ക്. കുർദുകളെ തുരത്തുന്നതിനു വേണ്ടി അൽ-അൻഫാൽ എന്ന് പേരിട്ട് സദ്ദാം നടത്തിയത് വംശീയ ശുദ്ധീകരണം തന്നെയായിരുന്നു. 1988-ൽ അണുബോംബ് വർഷിച്ച് ആയിരങ്ങളെ ഒറ്റയടിക്കു കൂട്ടക്കുരുതി നടത്തി. ഏതാണ്ട് 2000-ത്തോളം ഗ്രാമങ്ങൾ എന്നന്നേക്കുമായി ഇല്ലാതാക്കി. അവിടെയുള്ള കെട്ടിടങ്ങൾ തകർത്തു. നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടത്തിനൊടുവിൽ ഒരു സ്വതന്ത്ര രാജ്യം സംജാതമാവുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും കുർദിഷ് ജനസമൂഹം കഴിയുന്നത്. പൗരത്വം ചോദ്യം ചെയ്യപ്പെട്ട് ജീവിക്കാനിടമില്ലതെ കഴിയുന്ന റോഹിൻഗ്യൻ മുസ്ലിംകളുടെ ദുരന്തകഥകളാണ് വർത്തമാനകാലത്ത് ഏറ്റവും ചർച്ചക്ക് വിധേയമായ വംശീയ പ്രശ്‌നങ്ങൾ.
അസമിലെ 40 ലക്ഷം ജനങ്ങൾ അനുഭവിക്കുന്ന പ്രശ്‌നവും റോഹിൻഗ്യൻ ജനതയുടെ പ്രശ്‌നവും പൗരത്വവുമായി ബന്ധപ്പെട്ടതായത് കൊണ്ട് തന്നെ അവക്കിടയിൽ സമാനതകളുണ്ട്. പൗരത്വം നിഷേധിക്കപ്പെട്ടതിന്റെ പേരിൽ അഭയാർഥികളായി ഇന്ത്യയിലേക്ക് പ്രവേശിച്ചവർക്ക് അഭയം നൽകിയ പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. 'അതിഥി ദേവോ ഭവ:' എന്ന മഹത്തായ സാംസ്‌കാരിക പൈതൃകം മുറുകെപ്പിടിക്കുന്ന രാജ്യമാണ് ഇന്ത്യ. മണ്ണിന്റെ മക്കൾ വാദത്തെ രാജ്യം അംഗീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ടിബറ്റിൽ നിന്നുള്ള ബുദ്ധമതക്കാർ, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള മുസ്ലിം സഹോദരങ്ങൾ, ശ്രീലങ്കയിൽ നിന്നുള്ള ഹൈന്ദവ ക്രൈസ്തവ വിഭാഗങ്ങൾ എന്നിവർക്കെല്ലാം ഇന്ത്യ അഭയം നൽകിയിട്ടുണ്ട്. ഇത് കേവലം ഒരു നയം മാത്രമായി സ്വീകരിച്ചതല്ല; പ്രത്യുത ഇന്ത്യൻ ഭരണഘടനയുടെ പ്രതിഫലനം കൂടിയാണ്.
ജീവിക്കാനുള്ള അവകാശം (ആർട്ടിക്കിൾ 21), സമത്വത്തിനുള്ള അവകാശം (ആർട്ടിക്കിൾ 14) എന്നിവ ഇന്ത്യൻ പൗരത്വം ഉള്ളവർക്ക് മാത്രമല്ല, എല്ലാവർക്കും നൽകണമെന്നാണ് ഭരണഘടന നൽകുന്ന സൂചനകൾ. അന്താരാഷ്ട്ര മനുഷ്യവകാശ പ്രഖ്യാപനത്തിൽ നിന്നാണ് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾ സ്വീകരിച്ചിരിക്കുന്നത്. ഈ പ്രഖ്യാപനത്തിലെ ആർട്ടിക്കിൾ 14 (1) പറയുന്നത് അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്ക് അഭയം നൽകേണ്ടത് രാജ്യങ്ങളുടെ കടമയാണ് എന്നാണ്. മനുഷ്യാവകാശം നിഷേധിക്കപ്പെടും എന്നുറപ്പുള്ള രാജ്യങ്ങളിലേക്ക് അഭയാർത്ഥികളെ കയറ്റിവിടാൻ പാടില്ല എന്നും ആ പ്രഖ്യാപനത്തിൽ പറയുന്നു. ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളെ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ കൂടെ മാത്രമേ വായിക്കാവൂ എന്ന് ഇക്കഴിഞ്ഞ വർഷം സ്വകാര്യത മൗലികാവകാശമാക്കിക്കൊണ്ട് പുറപ്പെടുവിച്ച വിധിന്യായത്തിലും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അഭയാർഥികളുടെ കാര്യത്തിൽ പോലും ഈ നയമാണ് പിന്തുടരേണ്ടതെങ്കിൽ സ്വന്തം രാജ്യത്തെ ജനങ്ങളുടെ കാര്യത്തിൽ എന്തിന് പുതിയ നിയമം? അവരിൽ അരക്ഷിതബോധം സൃഷ്ടിച്ച് അവരെ നാടുകടത്തണമെന്ന പ്രചാരണം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യമെന്ത്?
പൗരൻ, പൗരത്വം തുടങ്ങിയ സാങ്കേതിക പദങ്ങൾക്ക് അന്താരാഷ്ട്ര സമൂഹവും ഇന്ത്യയുടെ രാഷ്ട്രശില്പികളും കൃത്യമായ നിർവ്വചനം നൽകിയിട്ടുണ്ട്. ഒരു രാജ്യത്ത് ജോലിചെയ്യാനും അവിടുത്തെ രാഷ്ട്രീയകാര്യങ്ങളിൽ ഇടപെടാനുമുള്ള അവകാശത്തെയാണ് പൗരത്വം എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. അങ്ങനെ അവകാശമുള്ള ആൾക്ക് പൗരൻ എന്നും പറയുന്നു. എന്നാൽ ചില രാജ്യങ്ങളിൽ ഭരണകാര്യങ്ങളിലോ രാഷ്ട്രീയകാര്യങ്ങളിലോ ഇടപെടാൻ അവകാശമില്ലാത്ത ജനങ്ങളുണ്ട്. അവർക്കാണ് പ്രജ എന്ന് വിളിക്കപ്പെടുന്നത്. ജനാധിപത്യം നിലനിൽക്കുന്ന രാജ്യങ്ങളിലെല്ലാം ജനനം, മാതാപിതാക്കൾ, വിവാഹം, രാഷ്ട്രീയാഭയം തുടങ്ങിയ രാജ്യം അംഗീകരിക്കുന്ന ഘടകങ്ങളിലൂടെ അവിടുത്തെ ജനങ്ങൾ പൗരത്വത്തിനു അർഹരായിത്തീരുന്നു. അതുകൊണ്ട് ഒരാൾക്ക് പൗരത്വത്തിനു അവകാശം ലഭിച്ചില്ലെങ്കിൽ പോലും അവിടെ ജീവിക്കാൻ അർഹതയില്ല എന്ന് അതിനു അർത്ഥമില്ല. എന്നാൽ മതിയായ രേഖകളോടെ തന്നെ രജിഷ്ട്രേഷൻ നടത്തിയവർക്ക് പോലും പാരമ്പര്യ രേഖകൾ ശരിയല്ല എന്ന കാരണം പറഞ്ഞുകൊണ്ടാണ് അസമിൽ പൗരത്വം നിഷേധിച്ചിട്ടുള്ളത്. ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും സർവ്വാംഗീകൃതനുമായിരുന്ന ഫക്രുദീൻ അലി അഹ്മദിന്റെ കുടുംബം പോലും പട്ടികയിൽ നിന്നും പുറത്തായിരിക്കുന്നു. മ്യാന്മറിൽ അവിടുത്തെ റോഹിംഗ്യകൾക്ക് പൗരത്വം നൽകാൻ വിസമ്മതിച്ചതിന് ശേഷം പിന്നീട് അവിടെ നിന്നും അവർ ആട്ടിപ്പുറത്താക്കപ്പെടുകയാണുണ്ടായിട്ടുള്ളത്. ഇപ്പോൾ അസമിലും അതിനു സമാനമായ കളികളാണ് കേന്ദ്രസർക്കാരും അസം സർക്കാരും കളിച്ചുകൊണ്ടിരിക്കുന്നത്. ഇത് മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് സുപ്രീംകോടതി ഈ വിഷയത്തിൽ പ്രതികരിച്ചിട്ടുള്ളത്. പൗരത്വ രജിസ്റ്ററിൽ നിന്നും പുറത്തായി എന്ന കാരണത്താൽ ഒരു നടപടിയും സ്വീകരിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. രാഷ്ട്രീയവും ആഭ്യന്തരവുമായ സംഘർഷങ്ങൾക്ക് വഴിവെക്കുന്ന നടപടികളിൽ നിന്നും സർക്കാരുകൾ വിട്ടു നിൽക്കണമെന്നും നീതിപൂർവകവും ന്യായയുക്തവുമായ നടപടികളിലൂടെയാണ് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു.
ആഭ്യന്തരയുദ്ധങ്ങൾക്ക് തന്നെ കാരണമായേക്കാവുന്ന നടപടിക്കെതിരെ പ്രതിപക്ഷ കക്ഷികൾ യോജിച്ച മുന്നേറ്റത്തിന് വന്നിരിക്കുന്നുവെന്നത് ആശാവഹമാണ്. ദേശീയ പൗരത്വ രജിസ്റ്ററിൽ നിന്നും പുറത്തായവരിൽ വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് യാതൊരു തടസ്സവുമില്ലെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഒ. പി. റാവത്തിന്റെ പ്രസ്താവന സർക്കാരുകൾക്ക് തിരിച്ചടിയാണ്. സർക്കാരിന്റെ നടപടി പൂർണ്ണമായും മരവിപ്പിച്ചു കൊണ്ടുള്ള നടപടിയിലൂടെ മാത്രമേ ശരിയായ പരിഹാരം ഉണ്ടാവൂ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെവിടെയും ഇതുപോലെ ഒരു പൗരത്വ രജിസ്റ്റർ ഇല്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. സംഘപരിവാറിന്റെ അജണ്ടകൾ മാത്രം നടപ്പാക്കാൻ വേണ്ടി സർക്കാരിന്റെ മിഷനറി പ്രവർത്തിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിനു അപമാനകരമാണ്. 1971 ൽ ബംഗാദേശ് എന്ന രാജ്യം ഉണ്ടാവുന്നതിന് മുമ്പ് അത് ഇന്ത്യയുടെ ഭാഗമാണ്. അതിനു മുമ്പ് തന്നെ എത്രയോ പേർ ആ പ്രദേശത്തു നിന്നും അസമിൽ എത്തിയിട്ടുണ്ട്. അവരെയെല്ലാം എക്കാലവും ഇന്ത്യൻ പൗരന്മാരായിട്ടാണ് ഗണിച്ചുവന്നതും ഗണിക്കേണ്ടതും. പാക്കിസ്ഥാന്റെ വിവിധ സ്ഥലങ്ങളിൽ ജീവിച്ചിരുന്ന എത്രയോ പേർ വിഭജനാനന്തരം ഇന്ത്യയിൽ ജീവിക്കുന്നുണ്ട്. പ്രമുഖ ബി ജെ പി നേതാവ് എൽ. കെ. അഡ്വാനി തന്നെ അതിനൊരു ഉദാഹരണമാണ്. അദ്ദേഹം ലാഹോറുകാരനാണ്. ആ കാരണം പറഞ്ഞു ഇപ്പോൾ അദ്ദേഹത്തെ ലാഹോറിലേക്ക് നാടുകടത്തണമെന്ന് ആരെങ്കിലും പറഞ്ഞാൽ അതിലെന്ത് ന്യായമാണുള്ളത്? എന്തുകൊണ്ട് ആ ന്യായം അസമിലെ പൗരത്വം നിഷേധിക്കപ്പെട്ടവരുടെ കാര്യത്തിൽ ഉണ്ടാവുന്നില്ല?
ഏതൊരു സമൂഹത്തിന്റെയും അഭിമാനകരമായ അസ്തിത്വം അവരിലെ രാഷ്ട്രീയബോധവും സംഘടിത ശക്തിയുമാണെന്ന തിരിച്ചറിവ് അസമിലും ഇതര സംസ്ഥാനങ്ങളിലുമുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഉണ്ടാവേണ്ടതുണ്ട്. കേരളം അതിനൊരു ഉദാഹരണമാണ്. ഇന്ത്യയുടെ മതേതര ജനാധിപത്യ സ്വഭാവത്തെ ഉൾക്കൊണ്ട് ഇതര മതവിഭാഗങ്ങളോടൊപ്പം കൈകോർത്ത് മതേതര പ്രസ്ഥാനങ്ങളെ പരിപോഷിപ്പിച്ചും അതോടൊപ്പം സ്വന്തം അസ്തിത്വം മറ്റുള്ളവരുടെ കാൽച്ചുവട്ടിൽ പണയപ്പെടുത്താതെ സ്വന്തം അവകാശങ്ങൾക്ക് വേണ്ടി പൊരുതുവാനുമുള്ള സംഘടിതബോധത്തെ ഉയർത്തിപ്പിടിച്ചും ഫാസിസ്റ്റുകൾ ഉയർത്തുന്ന ഭീഷണികളെ നേരിടാനുള്ള ആർജ്ജവം ന്യൂനപക്ഷങ്ങൾ വളർത്തിയെടുക്കണം.
വംശീയ ഉന്മൂലനത്തിനെതിരെയുള്ള രാഷ്ട്രീയ മുന്നേറ്റത്തിൽ മുഴുവൻ മതേതര ജനാധിപത്യ വിശ്വാസികളും അണിചേരേണ്ടതുണ്ട്. ഇന്ത്യയുടെ പാരമ്പര്യത്തിനെതിരായി ഏകാധിപധികളായി വാഴുന്ന മോഡി-അമിത്ഷാമാർ ചരിത്രത്തിൽ നിന്നും പാഠമുൾക്കൊള്ളേണ്ടതുണ്ട്. വംശീയ ഉന്മൂലനത്തിനു നേതൃത്വം നൽകിയ മുൻകാല ഫാസിസ്റ്റുകളുടെ അന്ത്യം എപ്രകാരമായിരുന്നുവെന്ന് അവർ ഗൃഹപാഠം ചെയ്ത് മനസ്സിരുത്തി ഉൾക്കൊള്ളേണ്ടതുണ്ട്.