ന്യൂദല്‍ഹി- ജനപ്രതിനിധികള്‍ക്കുള്ള പരിരക്ഷ ക്രിമിനല്‍ കേസുകളില്‍ ബാധകമാണോയെന്ന് പരിശോധിക്കുമെന്ന് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക പരിരക്ഷ പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും പ്രസംഗിക്കാനോ വോട്ടുചെയ്യാനോ കൈക്കൂലി വാങ്ങിയാലും ബാധകമാണെന്നാണ് 1998ല്‍ സുപ്രിം കോടതി വിധി പുറപ്പെടുവിച്ചത്. ഈ വിധി പുനഃപരിശോധിക്കണമെന്ന ആവശ്യത്തില്‍ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കല്‍ ആരംഭിച്ചു.
പ്രവൃത്തികളില്‍ ക്രിമിനല്‍ അംശമുണ്ടെങ്കില്‍ നിയമനിര്‍മാതാക്കള്‍ക്ക് അനുവദിച്ചിട്ടുള്ള പരിരക്ഷയുടെ ഇളവ് നല്‍കേണ്ടതുണ്ടോയെന്ന് പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. 1998ലെ വിധിയെ പരാമര്‍ശിച്ച ബെഞ്ച് ക്രിമിനല്‍ സ്വഭാവം പരിഗണിക്കാതെ നിലവില്‍ ജനപ്രതിനിധികള്‍ക്ക് പ്രതിരോധം ലഭ്യമാണെന്ന് വിലയിരുത്തി.
ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എ. എസ്. ബൊപ്പണ്ണ, എം. എം. സുന്ദരേശ്. പി. എസ്. നരസിംഹ, ജെ. ബി. പര്‍ദിവാല, സഞ്ജയ് കുമാര്‍, മനോജ് മിശ്ര എന്നിവരടങ്ങിയ ഏഴംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 25 വര്‍ഷത്തോളം പഴക്കമുള്ള ജെ. എം. എം അഴിമതിക്കേസുമായി ബന്ധപ്പെട്ട 1998ലെ പ്രത്യേക പരിരക്ഷ വിധി പുനഃപരിശോധിക്കാന്‍ സെപ്റ്റംബര്‍ 20നാണ് സുപ്രിം കോടതി തീരുമാനിച്ചത്. തുടര്‍ന്ന് കേസ് അഞ്ചംഗ ബെഞ്ചില്‍ നിന്ന് ഏഴംഗ ഭരണഘടനാ ബെഞ്ചിന് കൈമാറുകയായിരുന്നു.