ബോധ്-ഒഡീഷയിലെ ബോധ് ജില്ലയില്‍ ജാതിയെ ചൊല്ലി നാട്ടുകാരുടെ ഭ്രഷ്ടിനേയും തുടര്‍ന്ന് ഭാര്യാ സഹോദരിയുടെ മൃതദേഹം മധ്യവയസ്‌ക്കന് ഒറ്റയ്ക്ക് സൈക്കിളില്‍ വച്ചു കെട്ടി ശ്മശാനത്തിലെത്തിക്കേണ്ടി വന്നു. ബോധിലെ കൃഷ്ണപാലി ഗ്രാമത്തിലെ ഛത്രഭുജ ബങ്കയ്ക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. ആദ്യ ഭാര്യ പ്രസവിക്കാത്തതിനെ തുടര്‍ന്ന് ബങ്ക മറ്റൊരു ജാതിയില്‍പ്പെട്ട യുവതിയെ വിവാഹം ചെയ്തതോടെയാണ് നാട്ടുകാര്‍ ബങ്കയേയും കുടുംബത്തേയും ബഹിഷ്‌ക്കരിച്ചത്.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം ബങ്കയുടെ രണ്ടാം ഭാര്യയുടെ സഹോദരി മരിച്ചത്. അതിസാരത്തെ തുടര്‍ന്ന് ഏതനാും ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിടെ വെച്ചു മരിച്ച ഭാര്യാ സഹോദരിയെ ആംബുലന്‍സില്‍ വീട്ടിലെത്തിച്ചു. ശേഷം ശവസംസ്‌കാരത്തിനായി ശ്മശാനത്തിലേക്കു കൊണ്ടു പോകാന്‍ നാട്ടുകാരുടെ സഹായം തേടിയെങ്കിലും ആരും സഹായിച്ചില്ല. ഒടുവില്‍ തന്റെ സൈക്കിളില്‍ മൃതദേഹം വച്ചു കെട്ടിയാണ് ബങ്ക ശ്മശാനത്തിലെത്തിച്ചത്.