ഗുവാഹതി - മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ നവജാത ശിശു അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തി. അസമിലെ സില്‍ച്ചാറിലാണ് സംഭവം. രതന്‍ ദാസിന്റെ (29) ആറ് മാസം ഗര്‍ഭിണിയായ ഭാര്യയാണ് പ്രസവിച്ചത്.
ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രതന്‍ ദാസ് ഭാര്യയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിശോധനയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയതോടെ ശസ്ത്രക്രിയ നടത്തി കുട്ടിയെ പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. അമ്മയെ അല്ലെങ്കില്‍ കുഞ്ഞിനെ മാത്രമേ ജീവനോടെ ലഭിക്കൂ എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
പ്രസവത്തിന് ശേഷം കുഞ്ഞിന്റെ ചലനമറ്റ ശരീരമാണ് തങ്ങള്‍ക്ക് ലഭിച്ചത് എന്ന് രതന്‍ ദാസ് പറഞ്ഞു. ഇന്ന് രാവിലെയോടെ കുഞ്ഞിന്റെ മരണ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ അവര്‍ നല്‍കി. കുഞ്ഞിന്റെ ശരീരം ഒരു പാക്കറ്റില്‍ പൊതിഞ്ഞാണ് ആശുപത്രി അധികൃതര്‍ നല്‍കിയത് എന്ന് അച്ഛന്‍ രതന്‍ ദാസ് പറഞ്ഞു.
കുടുംബം സില്‍ച്ചാല്‍ ശ്മശാനത്തില്‍ എത്തിയ ശേഷം സംസ്‌കാരത്തിനായി പായ്ക്കറ്റ് തുറന്നപ്പോഴാണ് കുട്ടി കരയുന്നത് കണ്ടത്. ഉടന്‍ തന്നെ കുഞ്ഞിനെ എടുത്തുകൊണ്ട് ആശുപത്രിയിലേക്ക് ഓടി. നിലവില്‍ കുഞ്ഞ് നിരീക്ഷണത്തിലാണെന്നാണ് ലഭിക്കുന്ന വിവരം. ആശുപത്രിക്കെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തി. രതന്‍ ദാസിന്റെ കുടുംബം ആശുപത്രിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.