പാലക്കാട്- മരണമടഞ്ഞ എഴുത്തുകാരന്റെ ഓര്‍മ്മക്കായി വീട്ടില്‍ സ്മൃതിമണ്ഡപമൊരുക്കി ഭാര്യ. പതിനേഴ് പുസ്തകങ്ങള്‍ പ്രകാശനം ചെയ്ത മനോജിന്റെ ഭാര്യ ഡോ.സുഖലത മനോജ് ആണ് വീട്ടില്‍ സാഹിത്യചര്‍ച്ചകള്‍ക്കുള്ള സ്മൃതിമണ്ഡപം ഉണ്ടാക്കിയിരിക്കുന്നത്. കൊല്ലങ്കോട് പോസ്റ്റ് ഓഫീസിനു സമീപമുള്ള വീട്ടില്‍ നിര്‍മ്മിച്ച മണ്ഡപം ഈ മാസം എട്ടിന് എഴുത്തുകാരന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് ഉദ്ഘാടനം ചെയ്യും. എഴുത്തുകാരായ വൈശാഖന്‍, രഘുനാഥ് പറളി, അനന്തപത്മനാഭന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഡോ.സുഖലത അറിയിച്ചു. മനോജ് എഴുതിയ 'ചിതയൊരുക്കം' എന്ന നോവലിന്റെ പ്രകാശനവും അതോടൊപ്പം നടക്കും.
അമ്പതോളം പേര്‍ക്ക് ഇരുന്ന് സംസാരിക്കുന്നതിനുള്ള സൗകര്യത്തോടെയാണ് സ്മൃതിമണ്ഡപം ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം മനോജിന്റെ വിപുലമായ പുസ്തകശേഖരം അവിടെ റഫറന്‍സ് ലൈബ്രറിയായി ഉപയോഗിക്കുന്നതിനുള്ള സൗകര്യവും ഉണ്ടാകും. പക്ഷാഘാതം വന്ന് കിടപ്പിലായിരുന്ന മനോജ് കഴിഞ്ഞ കൊല്ലം ആഗസ്റ്റിലാണ് 66-ാം വയസ്സില്‍ മരിച്ചത്. പന്ത്രണ്ടു വര്‍ഷത്തോളം വാക്കറിവ് എന്ന ലിറ്റില്‍ മാഗസിന്റെ പത്രാധിപരായിരുന്നു. കൊല്ലങ്കോട് പി.കെ.ഡി യു.പി.സ്‌കൂളിലെ റിട്ട.പ്രഥാനാധ്യാപികയാണ് ഡോ.സുഖലത. ദമ്പതികള്‍ക്ക് മക്കളില്ല. ജീവിതം മുഴുവന്‍ എഴുത്തിനായി സമര്‍പ്പിച്ച ഭര്‍ത്താവിന്റെ ജീവിതസന്ദേശം പുതിയ തലമുറക്ക് പകര്‍ന്ന് കൊടുക്കാനാണ് ഈ വഴി തെരഞ്ഞെടുത്തത് എന്ന് അവര്‍ പറഞ്ഞു. കോയമ്പത്തൂര്‍ കേരള കള്‍ച്ചറല്‍ സെന്ററിന്റെ സാഹിത്യ പുരസ്‌കാരം, ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ അവാര്‍ഡ് എന്നിവ ലഭിച്ച മനോജിന്റെ പത്തോളം അപ്രകാശിത കൃതികള്‍ പ്രസിദ്ധീകരിക്കാനും തീരുമാനമായിട്ടുണ്ടെന്ന് ഡോ.സുഖലത അറിയിച്ചു.