ജമ്മു- കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് സഞ്ചാരികളുടെ പ്രിയപ്പെട്ട പാതയായ മണാലി ലേ ഹൈവേ അടച്ചു. അപകട സാധ്യത കാരണം ഈ പാതയില്‍ ദാര്‍ച്ചക്ക് അപ്പുറത്തേക്ക് വിനോദസഞ്ചാരികള്‍ സഞ്ചരിക്കരുതെന്ന് ലഹൗള്‍സ്പിതി പോലീസ് അറിയിച്ചു.
മഞ്ഞുവീഴ്ച കാരണം ദാര്‍ച്ചയ്ക്ക് അപ്പുറത്തേക്കുള്ള ഭാഗത്ത് വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. ഷിന്‍കു ലാ പാസ്, ബാരലാചാ പാസ് എന്നിവിടങ്ങളിലെ റോഡുകളിലാണ് കൂടുതല്‍ അപകടസാധ്യയുള്ളത്. പല സ്ഥലത്തും മഞ്ഞ് വീണ് റോഡുകള്‍ മൂടപ്പെട്ട സാഹചര്യമാണ്.
കോക്‌സര്‍, ബാരലാചാ, റോഹ്താങ്, ഷിന്‍കു ലാ എന്നിവിടങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ട്. ഇതിലൂടെ യാത്ര ചെയ്യുന്ന പ്രാദേശിക വാസികള്‍ നേരത്തെ അധികൃതരെ വിവരമറിയിക്കാനും നിര്‍ദേശമുണ്ട്. ഹിമാചല്‍ പ്രദേശത്തുടനീളം മഞ്ഞുവീഴ്ചയും അതിശൈത്യവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.