ന്യൂദല്‍ഹി- മദ്യനയക്കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭ എം. പി സഞ്ജയ് സിംഗിനെ ഇ. ഡി അറസ്റ്റ് ചെയ്തു. പത്തു മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ മുതല്‍ എം. പിയുടെ വീട്ടില്‍ ഇ. ഡി റെയ്ഡ് നടന്നിരുന്നു.
2020ല്‍ മദ്യശാലകള്‍ക്കും വ്യാപരികള്‍ക്കും ലൈസന്‍സ് നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തില്‍ സഞ്ജയ് സിംഗിനും പങ്കുണ്ടെന്നാണ് ഇ. ഡിയുടെ കണ്ടെത്തല്‍. മുന്‍പ് സിംഗിന്റെ അടുത്ത അനുയായിയായ അജിത് ത്യാഗി, മദ്യനയത്തില്‍ നിന്നും പണമുണ്ടാക്കിയ കരാറുകാര്‍, ബിസിനസുകാര്‍ എന്നിവരുടെ വീടുകളിലും ഓഫീസുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.