തൊടുപുഴ- ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടിയിലെത്തിയാൽ ട്രയൽ റൺ നടത്തുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ജലനിരപ്പ് 2397 അടിയായാൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുമെന്നും 2398-ലെത്തിയാൽ ട്രയൽ റൺ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഇടുക്കി കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കാലവർഷം ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും വരാനുള്ള തുലാവർഷം കൂടി കണക്കിലെടുത്താണ് ഈ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. തുലാവർഷത്തിൽ അണക്കെട്ട് തുറക്കേണ്ടി വന്നാൽ ഒരുക്കേണ്ട സംവിധാനങ്ങളെ പറ്റി കൂടി ആലോചിച്ചാണ് ഇത്തരം തീരുമാനമെടുത്തത്. നേരത്തെ അണക്കെട്ട് 2401 അടിയിലെത്തിയപ്പോഴാണ് തുറന്നത്. ഇപ്പോഴത്തെ സഹചര്യത്തിൽ അത്രയും കാത്തിരിക്കില്ലെന്നും മന്ത്രി പറഞ്ഞു.
മഴയും നീരൊഴുക്കും കുറഞ്ഞ സഹചര്യത്തിൽ അണക്കെട്ട് തുറക്കേണ്ടതില്ലെന്ന നിലപാടിലാണ് കെ.എസ്.ഇ.ബി അധികൃതർ. ഇന്നലെ ഇടുക്കി അണക്കെട്ടിൽ ഉയർന്നത് 0.22 അടി വെളളം മാത്രം. ഇന്നലെ രാവിലെ അഞ്ചിന് 2395.78 അടിയായിരുന്ന ജലനിരപ്പ് രാത്രി 9 മണിക്ക് 2396 അടിയായി. വൈദ്യുതി മന്ത്രി എം .എം മണി ഇന്ന് രാവിലെ 10 ന് അണക്കെട്ട് സന്ദർശിച്ചു. മന്ത്രിസഭായോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനാണ് മന്ത്രി എത്തുയത്. ഇതിന് ശേഷം കലക്ടറേറ്റിൽ ചേർന്ന അവലോകനയോഗത്തിൽ വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസഥർ പങ്കെടുത്തു. കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്നിനേക്കാൾ 76 അടി വെളളം ഡാമിൽ കൂടുതലുണ്ട്. മഴയുടെ ശക്തി കുറഞ്ഞതിനാൽ ഒഴുകിയെത്തുന്ന വെള്ളത്തിലും കുറവുണ്ട്. 2.87 കോടി യൂനിറ്റിനുള്ള വെള്ളമാണ് ഇന്നലെ ഒഴുകിയെത്തിയത്.
ഇടുക്കി അണക്കെട്ട് തുറക്കുന്നത് ഒഴിവാക്കാൻ മൂലമറ്റം പവർ ഹൗസ് വിശ്രമമില്ലാതെ പ്രവർത്തിച്ചതോടെ ഒരു മാസം ഉത്പാദിപ്പിച്ചത് 87 കോടി രൂപയുടെ വൈദ്യുതിയാണ്. ജൂലൈ ഒന്നു മുതൽ 31 വരെ 21.78 കോടി യൂനിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ കേരളം പുറത്തുനിന്നും വൈദ്യുതി വാങ്ങിയ 9.90 രൂപാ വെച്ച് കണക്കാക്കിയാൽ 215.51 കോടിയുടെ വൈദ്യുതി വരും.
130 മെഗാവാട്ട് ശേഷിയുള്ള ആറ് ജനറേറ്ററുകളിൽ ഒന്ന് പുനരുദ്ധാരണത്തിലാണ്. ബാക്കി അഞ്ചും വിശ്രമമില്ലാതെ പ്രവർത്തിപ്പിക്കുന്നു. ഓരോ ജനറേറ്ററുകളുടേയും പ്രതിദിന ഉത്പാദന ശേഷി 3.12 ദശലക്ഷം യൂനിറ്റാണ്. അഞ്ച് ജനറേറ്ററുകൾ പ്രവർത്തിച്ചാൽ പരമാവധി ഉത്പാദിപ്പിക്കാൻ കഴിയുന്നത് 15.6 ദശലക്ഷം യൂനിറ്റ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇടുക്കിയിൽ നിന്നും ഒരടി വെള്ളം തുറന്നുവിടേണ്ടി വന്നാൽ കെ.എസ്.ഇ.ബിക്ക് നഷ്ടം 14 കോടി രൂപയാണ്.