കോണ്‍ഗ്രസില്‍ വീണ്ടും അടി തുടങ്ങി, ചില നേതാക്കളുടെ പോക്കില്‍ അതൃപ്തിയുണ്ടെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം - കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മിലുള്ള അടി വീണ്ടും തുടങ്ങി. ചില നേതാക്കളുടെ നിലപാടുകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. ചില നേതാക്കളുടെ ഇപ്പോഴത്തെ പോക്കില്‍ അതൃപ്തിയുണ്ടെന്നും പൂച്ചക്ക് ആര് മണികെട്ടും എന്നതാണ് ഇപ്പോഴത്തെ വിഷയമെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരത്തിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. അത് പാര്‍ട്ടിക്ക് കളങ്കം ഏല്‍പ്പിച്ചിട്ടുണ്ട്. ഇരിക്കുന്ന സ്ഥാനമാനങ്ങള്‍ക്ക് അനുസരിച്ച് നേതാക്കള്‍ ഉയരുന്നില്ല. നേതാക്കള്‍ അവസരത്തിന് ഒത്ത് ഉയരണം. വില കെടുത്തുന്ന രീതിയില്‍ താഴുകയാണ്. പറഞ്ഞത് ഇപ്പോള്‍ മനസ്സിലായില്ലെങ്കില്‍ പിന്നീട് മനസ്സിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. സിറ്റിംഗ് എം പിമാര്‍ മത്സരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്റാണ്. ഹൈക്കമാന്റ് തീരുമാനം അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ലീഗ് പ്രവര്‍ത്തനം തുടങ്ങി. മൂന്നാം സീറ്റ് എവിടെയാണ് ചോദിക്കേണ്ടതെന്നും നേടിയെടുക്കേണ്ടത് എങ്ങനെയാണെന്നും മുസ്‌ലീം ലീഗിന് നന്നായി അറിയാം. മോഡി സര്‍ക്കാറിനെ താഴെ ഇറക്കലാണ് ലീഗിന്റെ അജണ്ട, മറ്റൊരു അജണ്ട ലീഗിനില്ല. ലീഗിന്റെ ഭാഗത്തുനിന്നും മറ്റൊരു തീരുമാനം ഉണ്ടാകില്ല. മുല്ലപ്പള്ളിയും സുധീരനും പൈതൃകമുള്ള നേതാക്കളാണ്. കോണ്‍ഗ്രസ് സംസ്‌കാരത്തിന് വിരുദ്ധമായി ഒന്നും ഇവര്‍ ചെയ്തിട്ടില്ല. മുല്ലപ്പള്ളിയുടെയും സുധീരന്റെയും പരാതികള്‍ പാര്‍ട്ടി നേതൃത്വം പരിഹരിക്കണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

 

Latest News