- സമയത്ത് വന്നില്ലെന്ന് കേന്ദ്രമന്ത്രി; നുണയെന്ന് തൃണൂൽ കോൺഗ്രസ് എം.പി
ന്യൂഡൽഹി - ഡൽഹി കൃഷി ഭവന് മുമ്പിൽ പ്രതിഷേധിച്ച തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര അടക്കമുള്ളവരെ പോലീസ് വലിച്ചിഴച്ചു. തൃണമൂൽ എം.പിമാർ അടക്കമുള്ളവരെ ഡൽഹി പോലീസ് വലിച്ചിഴ്ക്കുന്നതിന്റെ വീഡിയോ മഹുവ മൊയ്ത്ര എം.പി തന്നെയാണ് എക്‌സിൽ പുറത്തുവിട്ടത്.
ഒരു എം പിയോടാണോ ഇങ്ങനെ പെരുമാറുന്നതെന്ന് മഹുവ ചോദിക്കുന്നതും വീഡിയോയിലുണ്ട്. ഒരു മന്ത്രിയെ കാണാൻ അപ്പോയിന്റ്‌മെന്റ് ലഭിച്ച ശേഷം, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ തെരഞ്ഞെടുക്കപ്പെട്ട എം.പിമാരോട് ഇങ്ങനെയാണോ പെരുമാറേണ്ടത്. മൂന്നു മണിക്കൂർ കാത്തിരുന്ന ശേഷം ഞങ്ങളെ കാണാൻ കേന്ദ്ര ഗ്രാമവികസന സഹമന്ത്രി സ്വാതി നിരഞ്ജൻ ജ്യോതി വിസമ്മതിച്ചതായും എം.പി പറഞ്ഞു.
കൂടിക്കാഴ്ചയ്ക്കു മന്ത്രി അനുമതി നിഷേധിച്ചതിനെ തുടർന്ന് പശ്ചിമ ബംഗാളിനെ അവഗണിക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണമെന്നാവശ്യപ്പെട്ട് കൃഷി ഭവനിൽ തൃണമൂൽ നേതാക്കൾ സത്യാഗ്രഹം ആരംഭിക്കുകയായിരുന്നു. കുത്തിയിരിപ്പു സമരത്തെ തുടർന്ന് തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജി, ഡെറക് ഒബ്രിയാൻ, ബംഗാളിലെ നിയമസഭാംഗങ്ങൾ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എന്നാൽ, തൃണമൂൽ കോൺഗ്രസ് എം.പിമാർക്കായി തന്റെ ഓഫിസിൽ രണ്ട് മണിക്കൂറിലേറെ താൻ കാത്തിരുന്നുവെന്നാണ് കേന്ദ്ര ഗ്രാമവികസന സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതിയുടെ വാദം. 'ഇന്ന് എന്റെ രണ്ടര മണിക്കൂർ സമയം പാഴായി. തൃണമൂൽ എംപിമാരെ കാത്തിരുന്ന ശേഷം 8.30-നാണ് ഓഫിസിൽ നിന്നിറങ്ങിയത്. ഷെഡ്യൂൾ ചെയ്ത വിഷയങ്ങൾ ചർച്ച ചെയ്യാൻ തൃണമൂൽ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. എന്നാൽ, രാഷ്ട്രീയം കളിക്കുന്നു'വെന്നാണ് ഓഫീസിൽ കാത്തിരിക്കുന്നതിന്റെ വിഡിയോ പങ്കുവച്ച് മന്ത്രി എക്‌സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്ത്.
മന്ത്രിയുടെ അവകാശവാദം നുണയാണെന്ന് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര പ്രതികരിച്ചു. മൂന്നുമണിക്കൂർ തങ്ങളെ ഇരുത്തിയ ശേഷം മന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി പിൻവാതിലിലൂടെ ഓടിപ്പോവുകയാണുണ്ടായത്. ഞങ്ങളുടെ പ്രതിനിധി സംഘത്തിന് നിങ്ങൾ അപ്പോയിന്റ്‌മെന്റ് നൽകി. നിങ്ങൾ എല്ലാ പേരുകളും പരിശോധിച്ചു. ഞങ്ങളെ പ്രവേശിക്കാൻ അനുവദിക്കുന്നതിന് മുമ്പ് ഓരോരുത്തരെയായി പരിശോധിച്ചു. ഞങ്ങളെ മൂന്നു മണിക്കൂർ പുറത്തിരുത്തിയിട്ട് പിൻവാതിലിലൂടെ നിങ്ങൾ ഓടിപ്പോവുകയാണുണ്ടായതെന്ന് മഹുവ മൊയ്ത്ര എം.പി എക്‌സിൽ വ്യക്തമാക്കി.