ബാങ്കോക്ക്-തായ്‌ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ ഷോപ്പിങ് മാളില്‍ വെടിവെപ്പ്. നഗരഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന സിയാം പാരഗണ്‍ മാളിലാണ് ചൊവ്വാഴ്ച വൈകിട്ടോടെ വെടിവെപ്പുണ്ടായത്. സംഭവത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. അക്രമിയെന്ന് സംശയിക്കുന്ന 14-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൈത്തോക്ക് ഉപയോഗിച്ചാണ് 14-കാരന്‍ ഷോപ്പിങ് മാളില്‍ വെടിയുതിര്‍ത്തതെന്നാണ് വിവരം. അതേസമയം, വെടിവെപ്പിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് സമീപത്തെ മെട്രോ സ്റ്റേഷന്‍ ഉള്‍പ്പെടെ അടച്ചിട്ടതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തിന് പിന്നാലെ മാളില്‍നിന്നുള്ള ഒട്ടേറെദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. മാളില്‍നിന്ന് ജനങ്ങള്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടുന്നതിന്റെയും മറ്റും ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മാളില്‍നിന്നുള്ള ചില ദൃശ്യങ്ങളില്‍ വെടിയൊച്ചകളും കേള്‍ക്കാംവെടിയൊച്ചകള്‍ കേട്ടതോടെ മാളിലുണ്ടായിരുന്നവരെല്ലാം പരിഭ്രാന്തരായി പരക്കംപാഞ്ഞെന്നാണ് ദൃക്‌സാക്ഷികളുടെ പ്രതികരണം. ചിലര്‍ വ്യാപാരസ്ഥാപനങ്ങളുടെ അകത്തുകയറിയും ശൗചാലയങ്ങളില്‍ കയറിയുമാണ് ഒളിച്ചിരുന്നതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.