പട്‌ന- ബിഹാറില്‍ ജാതി സെന്‍സസിന്റെ ഫലം പുറത്തുവിട്ടതിനു പിന്നാലെ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍. സെന്‍സസിലെ കണ്ടെത്തലുകള്‍ വിവരിക്കുകയും തുടര്‍നടപടികള്‍ വിശദീകരിക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഒമ്പത് പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്കു വിവരങ്ങള്‍ കൈമാറുമെന്ന് നിതീഷ് കുമാര്‍ അറിയിച്ചു. സെന്‍സസിന്റെ അടിസ്ഥാനത്തില്‍ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുമോ എന്ന ചോദ്യത്തിനു മുഖ്യമന്ത്രി മറുപടി നല്‍കിയില്ല.
ജനസംഖ്യാനുപാതികമായി സംവരണം നടപ്പാക്കണമെന്ന ശക്തമായ ആവശ്യമാണ് ഉയരുന്നത്. എന്നാല്‍ അതേക്കുറിച്ച് ഇപ്പോള്‍ മറുപടി പറയാനാവില്ലെന്നും ഏറ്റവും കൂടുതല്‍ സഹായം ആവശ്യമായ വിഭാഗത്തെ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണു മുന്‍ഗണനയെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
അതേസമയം, ബിഹാര്‍ സര്‍ക്കാരിന്റെ നടപടി ജാതിയുടെ പേരില്‍ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി കുറ്റപ്പെടുത്തി. ഹിന്ദുക്കളെ വിഭജിച്ച അധികാരത്തിലേറാനാണ് പ്രതിപക്ഷ ശ്രമമെന്നും തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.