ന്യൂദല്‍ഹി- കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. സുതാര്യമായും വിശ്വസനീയമായും പ്രവര്‍ത്തിക്കണമെന്നും പ്രതികാര ബുദ്ധിയോടെ പെരുമാറരുതെന്നും സുപ്രീംകോടതി ഇ ഡിയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ എം 3 എമ്മിന്റെ ഡയറക്ടര്‍മാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് വിമര്‍ശനം.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ ജൂണ്‍ 14 ന് എം3 എം ഡയറക്ടര്‍മാരായ ബസന്ത് ബന്‍സാലിനേയും പങ്കജിനേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. അതേ ദിവസം തന്നെ ഇ ഡി രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. തങ്ങളെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന് കാണിച്ച് സുപ്രീംകോടതിയെ സമീപിക്കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇരുവരുടേയും അറസ്റ്റിന്റെ കാരണം വ്യക്തമാക്കുന്ന രേഖാമൂലമുള്ള പകര്‍പ്പ് നല്‍കിയിരുന്നില്ല. ഇത് ഇഡിയുടെ പ്രവര്‍ത്തന ശൈലിയെ മോശമായി പ്രതിഫലിപ്പിക്കുന്നതാണെന്നും ബെഞ്ച് നിരീക്ഷിച്ചു. ഇ ഡിയെ പോലുള്ള ഒരു ഏജന്‍സി സുതാര്യമായിരിക്കണം. നീതിയുടെ മാനദണ്ഡങ്ങള്‍ പാലിക്കണം. പ്രതികാരബുദ്ധിയോടെ പെരുമാറരുതെന്നും സപ്രിം കോടതി പറഞ്ഞു.