മുംബൈ-ഐ.ഐ.ടി ബോംബെയിലെ മെസ്സില്‍ സസ്യാഹാരം മാത്രം കഴിക്കാന്‍ ഇടം നിശ്ചയിച്ചതില്‍ പ്രതിഷേധിച്ച് വെജ് ടേബിളിൽ മാംസാഹാരം കഴിച്ച വിദ്യാര്‍ത്ഥിക്ക് 10,000 രൂപ പിഴ ചുമത്തിയതായി പരാതി.
കഴിഞ്ഞ മാസം 27നാണ് മൂന്ന് ഹോസ്റ്റലുകളുടെയും പൊതു മെസ്സില്‍ സസ്യാഹാരം കഴിക്കാന്‍ മാത്രമായി സ്ഥലം നിശ്ചയിച്ചുകൊണ്ട് മെസ്സ് കൗണ്‍സില്‍ അറിയിപ്പ് നല്‍കിയത്. ഈ ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആറ് മേശകള്‍ 'വെജ് ഓണ്‍ലി' ഇടമാക്കി മാറ്റുകയാണെന്ന വിവരം ഇമെയിലില്‍ ലഭിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എതിര്‍പ്പുയര്‍ന്നിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന, സമാധാനപരമായ ഡൈനിങ് അനുഭവം സൃഷ്ടിക്കാനാണ് പുതിയ നടപടി എന്നായിരുന്നു ഇമെയിലില്‍ പറഞ്ഞത്. എന്നാല്‍ തീരുമാനം അനാവശ്യവും എല്ലാവരെയും ചേര്‍ത്തുപിടിക്കുമെന്ന് പറയുന്നതിനു വിരുദ്ധവുമാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
തുടര്‍ന്ന് കുറച്ച് വിദ്യാര്‍ത്ഥികള്‍ സസ്യാഹാരത്തിനായി നിശ്ചയിച്ച ആറ് മേശകളിലൊന്നില്‍ ഇരുന്ന് മാംസാഹാരം കഴിക്കുകയും മെസ്സില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകുകയും ചെയ്തു. തുടര്‍ന്ന് മെസ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
യോഗത്തിന്റെ മിനുട്‌സ് വിശദാംശങ്ങള്‍ ക്യാമ്പസിലെ അനൗദ്യോഗിക വിദ്യാര്‍ത്ഥി കൂട്ടായ്മയായ അംബേദ്കര്‍ ഫുലേ സ്റ്റഡി സര്‍ക്കിള്‍ തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തു. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്കെതിരെ ഫൈന്‍ ചുമത്തിയതായും സെമെസ്റ്ററിന്റെ തുടക്കത്തില്‍ അടച്ച സെമെസ്റ്റര്‍ മെസ് അഡ്വാന്‍സില്‍ നിന്ന് ഫൈന്‍ ഈടാക്കുമെന്നും മെസ് കൗണ്‍സില്‍ യോഗത്തിന്റെ മിനുട്‌സില്‍ പറയുന്നു.
ഒപ്പം പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ തിരിച്ചറിയുന്ന പക്ഷം അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മിനുട്‌സില്‍ പറയുന്നുണ്ട്. അതേസമയം ഐ.ഐ.ടി അധികൃതര്‍ പ്രതികരിച്ചിട്ടില്ല.