Sorry, you need to enable JavaScript to visit this website.

ദല്‍ഹിയിലെ ജ്വല്ലറിയില്‍ രണ്ടു ദിവസം ഉറങ്ങി  25 കോടിയുടെ സ്വര്‍ണ്ണം കവര്‍ന്ന ബാര്‍ബര്‍ പിടിയില്‍

ന്യൂദല്‍ഹി-ഒരാഴ്ചയായി ദല്‍ഹി പോലീസിന് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. രാജ്യ തലസ്ഥാനം കൂടിയായ ദല്‍ഹിയില്‍ നടന്ന ഏറ്റവും വലിയ ജ്വല്ലറി ഷോറൂം കവര്‍ച്ച ജനങ്ങളെ, പ്രത്യേകിച്ചും വ്യാപാരികളെയും വളരെയേറെ ഭയപ്പെടുത്തിയിരുന്നു. ഭയത്തിന്റെ വലയത്തില്‍ കഴിഞ്ഞ ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് വെള്ളിയാഴ്ച ഛത്തീസ്ഗഡില്‍ വച്ച് കവര്‍ച്ചയുടെ മുഖ്യ സൂത്രധാരനായ ലോകേഷ് ദല്‍ഹി പോലീസിന്റെ പിടിയിലായി. ജ്വല്ലറി ഷോറൂമില്‍ നിന്ന് 25 കോടിയുടെ ആഭരണങ്ങള്‍ മോഷ്ടിച്ച ലോകേഷ് ദല്‍ഹി പോാലീസിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്. ഛത്തീസ്ഗഡില്‍ ഒരു മോഷണക്കേസില്‍ പ്രതിയായ ലോകേഷ് തന്നെ പോലീസ് തിരയുന്നു എന്നറിഞ്ഞതിനു പിന്നാലെ ഡല്‍ഹിയിലേക്ക് കടക്കുകയായിരുന്നു. ദല്‍ഹിയിലെത്തിയ ലോകേഷ് മോഷണത്തിനായി പുതിയ പദ്ധതി തയ്യാറാക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ആയിരുന്നു എന്ന് ദല്‍ഹി പോലീസ് വ്യക്തമാക്കി. 
ദല്‍ഹിയില്‍ നിന്ന് 1100 കിലോമീറ്റര്‍ അകലെയുള്ള ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തി വന്നിരുന്ന വ്യക്തിയാണ് ലോകേഷ്. താനൊരു കൊടും ക്രിമിനല്‍ ആണെന്ന് ആര്‍ക്കും സംശയത്തിന് ഇട വരുത്താതെ വളരെ തന്ത്രപൂര്‍വ്വമായിരുന്നു ഇയാള്‍ ജീവിച്ചുവന്നത്. ബാര്‍ബര്‍ ഷോപ്പില്‍ എത്തുന്നവരെ ചിരിച്ച മുഖത്തോടെ മാത്രം സ്വീകരിക്കുന്ന ലോകേഷിനെ നാട്ടുകാര്‍ക്കും വളരെയേറെ ഇഷ്ടമായിരുന്നു. ദല്‍ഹിയിലെ മോഷണം കഴിഞ്ഞ് ബിലാസ്പൂരില്‍ എത്തിയ പ്രതി ആര്‍ക്കും ഒരു സംശയത്തിനും ഇടവരുത്താതെ തന്റെ ജോലിയില്‍ വ്യാപൃതനാവുകയായിരുന്നു.
കുറഞ്ഞ സമയംകൊണ്ട് കൂടുതല്‍ പണം സമ്പാദിക്കണം എന്ന ലക്ഷ്യത്തോടെയാണ് ലോകേഷ് പുതിയ ബിസിനസ് ആരംഭിച്ചത്. ജ്വലറികളിലെ മോഷണമായിരുന്നു ആ ബിസിനസ് എന്ന് മാത്രം. എന്നാല്‍ തന്റെ ഈ പുതിയ ബിസിനസ് മറ്റുള്ളവരില്‍ നിന്നും മറച്ചുവയ്ക്കാന്‍ ലോകേഷ് ശ്രമിച്ചിരുന്നു. അതില്‍ അയാള്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ നാട്ടുകാര്‍ക്ക് അറിയാത്ത മറ്റൊരു സംഗതി കൂടിയുണ്ടായിരുന്നു. ലോഗേഷ് ശ്രീവാസ് എന്ന ഇയാള്‍ക്കെതിരെ 14 മോഷണ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നുള്ളതായിരുന്നു അത്. അതില്‍ ഏഴെണ്ണം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ബിലാസ്പൂര്‍ സ്റ്റേഷന്‍ പരിധിയിലായിരുന്നു.
രണ്ട് തവണ ലോകേഷ് ജയിലിലും കിടന്നിട്ടുണ്ട്. 2017ലും വീണ്ടും 2022ലുമായിരുന്നു ആ സംഭവങ്ങള്‍. കവര്‍ച്ചയ്ക്ക് ഇറങ്ങുന്ന ലോകേഷിന് ഒരു പ്രത്യേകതയുണ്ട്. മോഷണത്തിനു വേണ്ടി സംഘം രൂപീകരിക്കുന്ന ശീലമില്ല. ഓരോ മോഷണത്തിനും ഒന്നോ രണ്ടോ പേരെ കൂടെക്കൂട്ടും. ആ മോഷണം കഴിയുന്നതോടെ അവരെ ഒഴിവാക്കുകയും ചെയ്യും. ലോകേഷ് ഈ രീതി പിന്തുടരുന്നതിന് ഒരു കാരണമുണ്ട്. തന്നെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ആരും അറിയാതെ സൂക്ഷിക്കുക എന്നുള്ളതായിരുന്നു ആ കാരണം. പതിവുപോലെ ദല്‍ഹി ജ്വല്ലറി ഷോറൂം മോഷണക്കേസിലും ലോകേഷ് രണ്ടുപേരെ കൂടെ കൂട്ടിയിരുന്നു. ഇപ്പോള്‍ കൂട്ടുപ്രതികളെ പോലീസ് തിരയുകയാണ്.
ബിലാസ്പൂര്‍ പോലീസ് തനിക്കെതിരെ കേസ് എടുത്തതിനെ തുടര്‍ന്ന് അവിടെ നിന്നും രക്ഷപ്പെട്ട ലോകേഷ് എത്തിയത് ദല്‍ഹിയിലാണ്. തുടര്‍ന്ന് ഒരു ദിവസം മുഴുവന്‍ ദല്‍ഹിയിലെ ഭോഗല്‍ മാര്‍ക്കറ്റില്‍ ലോകേഷ് ചുറ്റിക്കറങ്ങി. അവിടെ സ്ഥിതി ചെയ്തിരുന്ന ജ്വല്ലറി ഷോറൂമുകള്‍ ആയിരുന്നു ലോകേഷിന്റെ ലക്ഷ്യം. പുറമേനിന്ന് എല്ലാ ഷോറൂമുകളും പരിശോധിച്ച ലോകേഷ് തന്റെ അടുത്ത പദ്ധതിക്കായി അവിടെയുള്ള ഏറ്റവും വലിയ ഷോറൂം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. മേല്‍ക്കൂരയിലൂടെ ഷോറൂമിനുള്ളിലേക്ക് കടക്കാമെന്ന് ലോകേഷ് മനസ്സിലാക്കി. തുടര്‍ന്ന് മോഷണം നടത്താനുള്ള ഉപകരണങ്ങള്‍ ശേഖരിച്ചു. ഇതിനിടെ ഏത് ദിവസമാണ് ജ്വല്ലറി അവധിയെന്നുള്ള വിവരം തിരക്കി. ഭോഗല്‍ മാര്‍ക്കറ്റ് തിങ്കളാഴ്ച അവധിയാണെന്ന് മനസ്സിലാക്കിയ ലോകേഷ് ഞായറാഴ്ച രാത്രി ഷോറൂമിനുള്ളില്‍ പ്രവേശിക്കാന്‍ പദ്ധതിയിട്ടു.
പദ്ധതി പ്രകാരം ഞായറാഴ്ച രാത്രി 11 മണിയോടെ തൊട്ടടുത്ത കെട്ടിടം വഴി ലോകേഷ് ഷോറൂമിനുള്ളില്‍ പ്രവേശിച്ചു. തിങ്കളാഴ്ച വൈകുന്നേരം ഏഴുമണിയോടെ അതേ വഴിയിലൂടെ തിരിച്ചിറങ്ങി. 20 മണിക്കൂറുകളോളം ലോകേഷ് ഷോറൂമിനുള്ളില്‍ ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഭക്ഷണ സാധനങ്ങളൊക്കെ ലോകേഷ് കൂടെക്കരുതിയിരുന്നു. അകത്ത് തിന്നും കുടിച്ചുമാണ് ലോകേഷ് മോഷണം നടത്തിയത്. ലോക്കറിന്റെ ഭിത്തി തകര്‍ക്കുന്നതിനിടയില്‍ ക്ഷീണിച്ചപ്പോള്‍ കുറച്ചു നേരം കിടന്നുറങ്ങുക പോലും ചെയ്തു. മോഷണത്തില്‍ ലോകേഷിനെ സഹായിക്കാന്‍ രണ്ടുപേര്‍ കൂടി ഉണ്ടായിരുന്നു എന്ന് പോലീസിന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. 

Latest News