Sorry, you need to enable JavaScript to visit this website.

കമ്മ്യൂണിസത്തെ വെള്ള പൂശുന്നവർ ഇനിയെങ്കിലും പണ്ഡിത ധർമം നിറവേറ്റണമെന്ന് സമസ്ത നേതാവ്

- മുസ്‌ലിം വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ സംഘ്പരിവാറിനോട് കിടപിടിക്കുന്നതാണ് കമ്മ്യൂണിസമെന്ന് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി.

കോഴിക്കോട് - മലബാറിലെ മുസ്‌ലിം പെൺകുട്ടികൾ തട്ടമഴിച്ചു വെക്കാനുള്ള കാരണം ഇടതുപക്ഷത്തിന്റെ പോരാട്ടമാണെന്ന സി.പി.എം നേതാവ് അഡ്വ. കെ അനിൽകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ സമസ്ത നേതാവും പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി.
  മതനിരാസവും ദൈവനിഷേധവും ആശയമായി സ്വീകരിച്ചവരാണ് കമ്മ്യൂണിസ്റ്റുകൾ. മലപ്പുറത്തെ വർഗീയമായും ഇവിടത്തെ മുസ്‌ലിം കുട്ടികൾ തട്ടം ഉപേക്ഷിച്ചത് പാർട്ടി നേട്ടമായും കണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്വതന്ത്ര ചിന്തയും ലൈംഗികതയും പ്രചരിപ്പിച്ച് സമൂഹത്തെ ഏറെ അസംസ്‌കൃതരാക്കുകയാണ് ഇടതുപക്ഷം. ഇനിയും കമ്മ്യൂണിസം കേവല രാഷ്ട്രീയമാണെന്ന് പ്രസംഗിക്കുന്നവരും പ്രചരിപ്പിക്കുന്നവരും, കമ്മ്യൂണിസത്തെ വെള്ള പൂശുന്നവരും സ്വന്തം സമുദായത്തെ ഓർത്തെങ്കിലും മൗനം ഭജിക്കുകയോ യാഥാർഥ്യം തുറന്ന് പറഞ്ഞ് പണ്ഡിത ധർമം നിറവേറ്റുകയോ ചെയ്യണമെന്നും അദ്ദേഹം എഫ്.ബിയിൽ കുറിച്ചു.

ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിയുടെ എഫ്.ബി പോസ്റ്റ് ഇങ്ങനെ:
മലപ്പുറത്തെ മുസ്ലിം പെണ്കുട്ടികൾ തട്ടം അഴിച്ചുവെച്ചത് സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ സ്വാധീനം മൂലമാണെന്ന പാർട്ടി നേതാവിന്റെ പ്രസ്താവനയാണ് പുതിയ ചർച്ചാ വിഷയം. മതനിരാസവും ദൈവനിഷേധവും ആശയമായി സ്വീകരിച്ചവരാണ് കമ്മ്യൂണിസ്റ്റുകൾ. സോവിയറ്റ് റഷ്യയിലും മറ്റു നാടുകളിലും മുസ്ലിംകളെ ഉന്മൂലനം ചെയ്ത് അധമരാക്കിയ ചരിത്രമാണ് അവരുടേത്. എന്നാൽ, സമീപകാലത്ത് നമുക്കിടയിൽ കമ്യൂണിസത്തിന്റെ ഗൗരവം തമസ്‌കരിക്കപ്പെടുകയും അത് കേവലമൊരു രാഷ്ട്രീയ ആശയം മാത്രമാണെന്ന ചിന്ത പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.
 അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റുകൾ ദൈവ വിശ്വാസികളല്ല, നിഷേധികളാണെന്ന വസ്തുത നാം തിരിച്ചറിയണം. മാർക്‌സും എംഗൽസും മുതൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കൾ വരെ അത് സുതരാം വ്യക്തമാക്കിയതാണ്. 'കമ്മ്യൂണിസം ആരംഭിക്കുന്നിടത്ത് നിരീശ്വരത്വം ആരംഭിക്കുന്നു'വെന്നാണ് മാർക്‌സിന്റെ വീക്ഷണം. കേരളത്തിലെ കമ്മ്യൂണിസം വെറും രാഷ്ട്രീയ പാർട്ടിയാണെന്നും മതനിരാസ ആശയങ്ങളും മുസ്ലിം വിരുദ്ധ അജണ്ടകളും ഉള്ളടക്കത്തിലില്ല എന്നുമുള്ള ഭാഷ്യം തീർത്തും കപടമാണെന്ന് തെളിയിക്കുന്നതാണ് പുതിയ പ്രസ്താവന. രാഷ്ട്രീയ ചിന്തകൾക്കപ്പുറം, കുടില സങ്കുചിതമായ മുസ്ലിം വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ സംഘ്പരിവാറിനോട് കിടപിടിക്കുന്നതാണ് കമ്മ്യൂണിസവും.
 മലപ്പുറത്തെ വർഗീയമായും ഇവിടത്തെ മുസ്ലിം കുട്ടികൾ തട്ടം ഉപേക്ഷിച്ചത് പാർട്ടി നേട്ടമായും കണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്വതന്ത്ര ചിന്തയും ലൈംഗികതയും പ്രചരിപ്പിച്ച് സമൂഹത്തെ ഏറെ അസംസ്‌കൃതരാക്കുകയാണ് ഇടതുപക്ഷം. ഇനിയും കമ്മ്യൂണിസം കേവല രാഷ്ട്രീയമാണെന്ന് പ്രസംഗിക്കുന്നവരും പ്രചരിപ്പിക്കുന്നവരും കമ്മ്യൂണിസത്തെ വെള്ള പൂശുന്നവരും സ്വന്തം സമുദായത്തെ ഓർത്തെങ്കിലും മൗനം ഭജിക്കുകയോ യാഥാർഥ്യം തുറന്ന് പറഞ്ഞ് പണ്ഡിത ധർമം നിറവേറ്റുകയോ ചെയ്യണമെന്നാണ് വിനീത അഭ്യർത്ഥന. സംശയാലുക്കൾ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും മറ്റു സാഹിത്യങ്ങളും നോക്കി പഠിക്കുന്നത് നന്നാകും. സർവശക്തൻ അനുഗ്രഹിക്കട്ടെ.
 

Latest News