കോഴിക്കോട്- പുരോഗമനത്തെക്കുറിച്ചും വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ചും മലപ്പുറത്തെക്കുറിച്ചും സി പി എം നിലപാട് വ്യക്തമാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി.മുജീബ് റഹ്മാന്‍. മലപ്പുറത്തെ മുസ്ലിം പെണ്‍കുട്ടികളുടെ തലയില്‍നിന്ന് തട്ടം മാറ്റിയത് സി.പി.എം നേട്ടമാണെന്ന പാര്‍ട്ടി നേതാവ് അനില്‍കുമാറിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ഫേസ് ബുക്കില്‍ നല്‍കിയ കുറിപ്പിലാണ് മുജീബ് റഹ്മാന്‍ ഇക്കാര്യം പറഞ്ഞത്.
ഫേസ് ബുക്ക് കുറിപ്പ്
പുരോഗമനത്തെക്കുറിച്ചും വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ചും മലപ്പുറത്തെക്കുറിച്ചും സി പി എം നിലപാട് വ്യക്തമാക്കണം.
മലപ്പുറത്തെ മുസ്‌ലിം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസപരമായി വളര്‍ന്നുവെന്നും അതിന്റെ ഭാഗമായി തലയില്‍നിന്നും തട്ടമൊഴിവാക്കിയെന്നും യുക്തിവാദി സമ്മേളനത്തില്‍
സി പി എം നേതാവ് പ്രസംഗിച്ചിരിക്കെ, വിദ്യാഭ്യാസത്തെക്കുറിച്ചും പുരോഗതിയെക്കുറിച്ചും മലപ്പുറത്തെ കുറിച്ചും സി പി എമ്മിന്റെ നിലപാടെന്താണ്?
കുറച്ച് കാലങ്ങളായി രാഷ്ട്രീയ ദുഷ്ടലാക്കില്‍ കേരളത്തില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്തിയ സി.പി.എമ്മിന്റെ തനിനിറമല്ലേ ഇടക്കിടെ ഈ പുറത്ത് ചാടുന്നത്?
ഒരു മതവിഭാഗത്തിന്റെ മാത്രം മതപരമായ ഐഡന്റിറ്റിയോട് മാത്രമെന്തിനാണ് സി പി എമ്മിന് ഈ അസ്‌ക്യത ? മലപ്പുറത്തെ പെണ്‍കുട്ടികളുടെ തലയിലെ തട്ടം ഒഴിവാക്കലാണോ,
മലപ്പുറം ജില്ലയെക്കുറിച്ച സിപിഎമ്മിന്റെ പുരോഗമന കാഴ്ചപ്പാട്?
മലപ്പുറത്തെ ചുവപ്പിക്കുമെന്ന് ആണയിട്ടു പറയുന്നതിന്റെ ഉദ്ദേശ്യം ഇതാണോ ?
പ്രവാചകന്റെ നൂറ്റാണ്ടിനെ പ്രാകൃത നൂറ്റാണ്ടെന്ന വിശേഷണം നല്‍കിയ അനുഭവം മറ്റൊരു സി.പി.എം നേതാവില്‍ നിന്ന് മുമ്പു മുണ്ടായിട്ടുണ്ട്.
മലപ്പുറം, മുസ്‌ലിം, മുസ്‌ലിം ഐഡന്റിറ്റി,പ്രവാചക നൂറ്റാണ്ട് തുടങ്ങിയ കാര്യങ്ങളെകുറിച്ചെല്ലാം വിയോജിക്കാനുള്ള സ്വാതന്ത്ര്യം സി.പി.എമ്മിനുണ്ട്. സമുദായം അതിനെ സ്വാഗതം ചെയ്യും. സമുദായത്തിലെ തട്ടമിട്ട വിദ്യാസമ്പന്നരായ ഇളം തലമുറ തന്നെ ഇതിനെ സുന്ദരമായി നേരിടും. പക്ഷെ, അക്കാര്യം തുറന്ന് പറയാനുള്ള ധീരത
സി.പി.എം. കാണിക്കണം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)