കോഴിക്കോട് - മലപ്പുറത്ത് തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേട്ടമാണെന്ന സി.പി.എം നേതാവ് അഡ്വ. കെ അനിൽകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ സമസ്ത വിദ്യാർത്ഥി-യുവജന നേതാവ് സത്താർ പന്തല്ലൂർ രംഗത്ത്. മലപ്പുറത്തെ പെണ്ണുങ്ങളെക്കാൾ മുസ്‌ലിം സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് സി.പി.എമ്മിന് കൂടുതൽ സ്വാധീനമുണ്ടെന്ന് അവർ അവകാശപ്പെടുന്ന കണ്ണൂരും കാസർക്കോടുമാണ്. അറബ് രാജ്യങ്ങളിൽ പോലും ലിബറൽ മോഡേണിസ്റ്റ് ഫെമിനിസ്റ്റ് പാൻഡെമിക് രോഗബാധയേറ്റവർ തട്ടം വലിച്ചെറിയുന്നത് കാണാം. പാർട്ടിക്ക് വേണമെങ്കിൽ അതിന്റെ പിതൃത്വവും ഏറ്റെടുക്കാമെന്നും സന്താർ പന്തല്ലൂർ ഫേസ്ബുക്കിൽ പരിഹസിച്ചു.
പാർട്ടിക്ക് മുസ്‌ലിംകളെ കുറിച്ച് ഒരു ചുക്കും അറിയില്ല. രണ്ട് പതിറ്റാണ്ട് മുമ്പ്, കാംപസുകളിൽ തട്ടമിട്ട ഉമ്മച്ചിക്കുട്ടികൾ വിരളമായിരുന്നെങ്കിൽ ഇന്നത് നേരെ തിരിച്ചാണ്. അതിന്റെ കാരണം ഒരു പാർട്ടിയുമല്ല. സി.പി.എം അഖിലേന്ത്യാ ജനറൽസെക്രട്ടറി ഹർകിഷൻ സിങ് സുർജിത് മരിക്കുന്നതുവരെ മതചിഹ്നമായ തലപ്പാവ് ധരിച്ചിരുന്നു. അത് ഒരിക്കൽ പോലും അഴിച്ചുവെപ്പിക്കാൻ സാധിക്കാത്ത കക്ഷിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. ആ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗം ഇപ്പോൾ അവകാശപ്പെടുന്നത്, തട്ടം തലയിലിടാൻ തന്നാൽ അത് വേണ്ട എന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഉണ്ടായതുകൊണ്ടാണെന്നാണ്. ഈ നാടിനെ കുറിച്ച് പഠിക്കാൻ സി.പി.എം തയ്യാറാവണമെന്നും സത്താർ ആവശ്യപ്പെട്ടു.
സത്താർ പന്തല്ലൂരിന്റെ കുറിപ്പിന്റെ പൂർണരൂപം:
സി.പി.എം അഖിലേന്ത്യാ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത് മരിക്കുന്നതുവരെ അദ്ദേഹത്തിന്റെ മതചിഹ്നമായ തലപ്പാവ് ധരിച്ചിരുന്നു. അത് ഒരിക്കൽ പോലും അഴിച്ചുവെപ്പിക്കാൻ സാധിക്കാത്ത കക്ഷിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. ആ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗം ഇപ്പോൾ അവകാശപ്പെടുന്നത്, തട്ടം തലയിലിടാൻ തന്നാൽ അത് വേണ്ട എന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഉണ്ടായതുകൊണ്ടാണെന്ന്.
പാർട്ടിക്ക് മുസ്‌ലിംകളെ കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് വ്യക്തം. രണ്ട് പതിറ്റാണ്ട് മുമ്പ്, കാംപസുകളിൽ തട്ടമിട്ട ഉമ്മച്ചിക്കുട്ടികൾ വിരളമായിരുന്നു. ഇന്നത് നേരെ തിരിച്ചാണ്. അതിന്റെ കാരണം ഒരു പാർട്ടിയുമല്ല.
പിന്നെ ഈ നാടിനെ കുറിച്ച് പാർട്ടി ഒന്ന് പഠിക്കണം. മലപ്പുറത്തെ പെണ്ണുങ്ങളെക്കാൾ മുസ്‌ലിം സ്ത്രീകൾ ഹിജാബ് പാലിക്കുന്നത്, പാർട്ടിക്ക് കൂടുതൽ സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന കണ്ണൂരും കാസർകോടുമാണെന്ന് അനുഭവം. തെക്കുള്ളവർ കൂടുതൽ തുറന്നിടുന്നത് കാണാം. ഇതൊന്നും ഒരു പാർട്ടിയുടെയും സ്വാധീനം കാരണമല്ല.
അറബ് രാജ്യങ്ങളിൽ പോലും ലിബറൽ മോഡേണിസ്റ്റ് ഫെമിനിസ്റ്റ് പാൻഡെമിക് രോഗബാധയേറ്റവർ തട്ടം വലിച്ചെറിയുന്നത് കാണാം. പാർട്ടിക്ക് വേണമെങ്കിൽ അതിന്റെ പിതൃത്വവും ഏറ്റെടുക്കാം.
രാജസ്ഥാനിലെയും മറ്റും പെണ്ണുങ്ങൾ മതജാതി വ്യത്യാസമന്യേ തലയും മുഖവും മറക്കുന്നത് പാർട്ടി അവിടെ ഇല്ലാത്തതുകൊണ്ടാണെന്ന് ആരും പറയാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.