ജിദ്ദ- സൗദിയുടെ തുറമുഖ നഗരമായ ജിദ്ദയിൽ പുതിയ ഇൻഡോർ മൃഗശാല തുറക്കുന്നു. നാളെ മുതൽ നവംബർ 16 വരെ 45 ദിവസത്തേക്ക് വൈകുന്നേരം നാലു മണി മുതൽ രാത്രി 11 വരെയാണ് പ്രവേശനം. അപൂർവ ഇനത്തിലുള്ള ജീവജാലങ്ങളെ വനത്തിന്റെ പ്രതീതി ഉളവാക്കുന്ന അടച്ചിട്ട ശീതീകരിച്ച ഉദ്യാനത്തിലാണ് പാർപ്പിച്ചിട്ടുള്ളത്.
മുതിർന്നവർക്ക് 50 റിയാലും കുട്ടികൾക്ക് 25 റിയാലും ആണ് ഇവിടേക്കുള്ള ടിക്കറ്റ് നിരക്ക്. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. ജിദ്ദയിലെ അൽ മുഹമ്മദിയ്യ ഡിസ്ട്രിക്ടിലാണ് ഇൻഡോർ മൃഗശാല സജ്ജീകരിച്ചിരിക്കുന്നത്. ജിദ്ദ ഇവന്റ്‌സിന്റെ ഭാഗമായി സൗദി ഇവന്റ്‌സ് ഗ്രൂപ്പാണ് ജിദ്ദ ഇൻഡോർ മൃഗശാല സംഘടിപ്പിച്ചിരിക്കുന്നത്.