തിരുവനന്തപുരം - സര്‍ക്കാര്‍ കാര്യങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് വന്ന് തന്നെ അറിയിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്ഭവനിലേക്ക് മന്ത്രിമാരും ഉദ്യോഗസ്ഥരും വന്നിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി നേരിട്ട് എത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടി പറയും പോലെയാണ്. ഒരാള്‍ക്കും പ്രത്യേക അനുകമ്പ ഉണ്ടാകരുതെന്നാണ് പ്രതിജ്ഞ ചെയ്യുന്നത്, അത് ലംഘിക്കുകയാണെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പടെയുള്ള അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ടെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഗവര്‍ണ്ണര്‍ മറുപടി നല്‍കി. വി സിമാരെ നിയമിക്കുന്നതിനുള്ള ബില്‍ നിയമപരമല്ല. എന്താണ് അതില്‍ ന്യായമുള്ളത്. നിയമോപദേശത്തിനായി സര്‍ക്കാര്‍ 40 ലക്ഷം ചെലവാക്കുന്നു. എന്തിനാണ് ഇത്രയധികം പണം ചെലവഴിക്കുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു. ഗവര്‍ണര്‍ ബില്ലുകള്‍ ഒപ്പിടാത്തതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.