ഭോപ്പാല്‍ - മധ്യപ്രദേശില്‍ യുവതിയെ നാല് പേര്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം വയലില്‍ ഉപേക്ഷിച്ചു. അശോക് നഗര്‍ ജില്ലയിലാണ് സംഭവം. ഞായറാഴ്ച പരിക്കേറ്റ ഒരു സ്ത്രീ ബോധരഹിതയായി വയലില്‍ കിടക്കുന്നതായി കണ്ട ഗ്രാമവാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി യുവതിയെ ആദ്യം ഷഡോറയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റി. ഇവിടെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം യുവതിയെ അശോക് നഗറിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് സബ് ഡിവിഷണല്‍ ഓഫീസര്‍ വിവേക് ശര്‍മ്മ പറഞ്ഞു. പരിചയമുള്ള മൂന്ന് പേര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതെന്ന് യുവതി മൊഴി നല്‍കി. കൂട്ടബലാത്സംഗ കേസിലെ പ്രതികളിലൊരാള്‍ ഇരയുടെ ഭര്‍ത്താവ് പ്രതിയായ കൊലപാതക കേസിലെ സാക്ഷിയാണെന്നും പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പോലീസ് ഉദ്യാഗസ്ഥര്‍ പറഞ്ഞു.