Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ നാണക്കേട്; പ്രതിഷേധത്തില്‍ പാളം തെറ്റി കേരള എം.പിമാര്‍

ന്യൂദല്‍ഹി- കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ കേന്ദ്ര അലംഭാവത്തിനെതിരായ പ്രതിഷേധത്തില്‍ പാളം തെറ്റി സി.പി.എം, കോണ്‍ഗ്രസ്് എംപിമാര്‍.  കഞ്ചിക്കോട് കോച്ച് ഫാക്ടറി വിഷയത്തില്‍ യു.ഡി.എഫ് എം.പിമാര്‍ വഞ്ചന കാട്ടിയെന്ന ആരോപണവുമായി സി.പി.എം എം.പിമാരും പറഞ്ഞു പറ്റിച്ചുവെന്നാരോപിച്ച് യു.ഡി.എഫ് എം.പിമാരും രംഗത്തെത്തി.
കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ കേന്ദ്രം തുടരുന്ന അലംഭാവത്തിനെതിരെ കേരളത്തില്‍നിന്നുള്ള എംപിമാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, പാര്‍ലമെന്റിനു മുന്നില്‍ രാവിലെ പ്രതിഷേധിക്കാന്‍ എത്തിയവരില്‍ ഇടതുപക്ഷ എം.പിമാര്‍ മാത്രമാണുണ്ടായിരുന്നത്. യു.ഡി.എഫ് എം.പിമാരോട് ആലോചിക്കാതെയാണ് ധര്‍ണ നടത്തിയതെന്ന കൊടിക്കുന്നില്‍ സുരേഷിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സി.പി.എം എം.പി പി. കരുണാകരന്‍ പറഞ്ഞു. യു.ഡി.എഫ് എം.പിമാര്‍ വഞ്ചിച്ചുവെന്നാണ് സി.പി.എം എം.പി എം.ബി രാജേഷ് പറഞ്ഞത്. എന്നാല്‍ ഇടതു എം.പിമാരുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എം.പിമാരായ കെ.സി വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും രംഗത്തെത്തി. ഈ വിഷയത്തില്‍ യു.ഡി.എഫ് എംപിമാര്‍ ഇന്നു രാവിലെ പാര്‍ലമെന്റിനു മുന്നില്‍ ധര്‍ണ നടത്തുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.
യു.ഡി.എഫ് എം.പിമാര്‍ ഒട്ടും സത്യസന്ധരല്ലെന്നു തെളിയിച്ചിരിക്കുകയാണെന്ന് സി.പി.എം എംപി എം.ബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കോച്ച് ഫാക്ടറി പ്രശ്‌നമുന്നയിച്ച് പാര്‍ലമെന്റിന് മുന്നില്‍ യോജിച്ച പ്രതിഷേധം സംഘടിപ്പിക്കാന്‍ നിശ്ചയിച്ചത് യുഡിഎഫ് എം.പിമാരുമായി ആലോചിച്ചാണ്. അവര്‍ സമ്മതമറിയിക്കുകയും ചെയ്തു. എന്നാല്‍, ഒരു മുന്നറിയിപ്പുമില്ലാതെ അവസാന നിമിഷം സംയുക്ത പ്രതിഷേധത്തില്‍ നിന്ന് അവര്‍ വിട്ടുനിന്നു. മാത്രമല്ല, പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ എന്‍.കെ പ്രേമചന്ദ്രന്‍ എംപി താനിപ്പോള്‍ വരാം എന്ന് പറഞ്ഞ് പാര്‍ലമെന്റിനകത്തേക്ക് പോയ ശേഷം പിന്നീട് വന്നതുമില്ല. കോണ്‍ഗ്രസ് എം.പിമാര്‍ വിലക്കിയതാവണം.     പാലക്കാട് എംപി എന്ന നിലയില്‍ താനും കെ.സി വേണുഗോപാലടക്കം കഴിയാവുന്നത്ര യു.ഡി.എഫ് എംപിമാരോടും സംസാരിച്ചിരുന്നു. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത കേരളത്തിലെ എംപിമാരുടെ സമ്മേളനത്തിന്റെ തീരുമാനമനുസരിച്ച് കൂടിയാണ് സംയുക്ത പ്രതിഷേധം സംഘടിപ്പിച്ചത്. കോച്ച് ഫാക്ടറി വിഷയത്തില്‍ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി നീങ്ങണമെന്നായിരുന്നു എം.പിമാരുടെ സമ്മേളനത്തിന്റെ തീരുമാനം. പ്രധാനമന്ത്രിയെ കണ്ട സര്‍വകക്ഷി സംഘത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന് കോച്ച് ഫാക്ടറിയായിരുന്നു. നേരത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ റെയില്‍ഭവനു മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചപ്പോള്‍ തങ്ങളെ വിളിച്ചില്ലെന്ന് പരിഭവം പറഞ്ഞവരാണ് യു.ഡി.എഫ് എം.പിമാര്‍. ഇപ്പോള്‍ ക്ഷണിച്ചപ്പോള്‍ ഒഴിഞ്ഞു മാറുകയാണെന്നും രാജേഷ് തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
കഞ്ചിക്കോട് റെയില്‍വേ ഫാക്ടറിയുമായി ബന്ധപ്പെട്ടു പാര്‍ലമെന്റിനു മുന്നില്‍ ഇടതുപക്ഷ എംപിമാര്‍ നടത്തിയ ധര്‍ണയ്ക്ക് യു.ഡി.എഫ് എംപിമാരെ ക്ഷണിച്ചിട്ടും പങ്കെടുക്കാത്തതാണെന്ന പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നു കോണ്‍ഗ്രസ് പാര്‍ട്ടി ലോക്‌സഭാ ഡെപ്യൂട്ടി വിപ്പ് കെ.സി വേണുഗോപാല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പാര്‍ലമെന്റിനകത്തു ബില്ലിന്മേലുള്ള ചര്‍ച്ച നടക്കുന്നതിനിടക്കാണ് കഞ്ചിക്കോട് റെയില്‍വേ ഫാക്ടറിയുമായി ബന്ധപ്പെട്ടു ധര്‍ണ നടത്തിയാലോ എന്ന്  പി. കരുണാകരന്‍ അനൗപചാരികമായി ചോദിച്ചത്. ആ അവസരത്തില്‍തന്നെ റെയില്‍വേ കോച്ച് ഫാക്ടറി പ്രശ്‌നത്തോടൊപ്പം തന്നെ, രൂക്ഷമായ കടലാക്രമണത്തെ സംബന്ധിച്ചും, വെള്ളപ്പൊക്കത്തെ സംബന്ധിച്ചും ഒന്നിച്ചു  ധര്‍ണ നടത്താമെന്നു  പറയുകയും ചെയ്തിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്തു അറിയിക്കാമെന്നും അറിയിച്ചു. എന്നാല്‍, കഞ്ചിക്കോട് കോച്ച് ഫാക്ടറി പ്രശ്‌നം മാത്രമായി ധര്‍ണ നടത്താം എന്ന നിലപാടാണ് പി .കരുണാകരന്‍ സ്വീകരിച്ചത്.  കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ടു പാലക്കാട് ഡിവൈഎഫ്‌ഐ നടത്തി വരുന്ന സമരപരിപാടിക്ക് ദേശീയ തലത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് പാര്‍ലമെന്റിനു മുന്നില്‍  ഇടതുപക്ഷ എം.പിമാര്‍ ധര്‍ണ സംഘടിപ്പിക്കുന്നതെന്ന് മനസ്സിലായി. തങ്ങളോട് ആലോചിക്കാതെ മുന്‍കൂട്ടി തീയതി നിശ്ചയിച്ചു പ്രഖ്യാപിച്ച പാര്‍ട്ടിയുടെ സമരപരിപാടിയില്‍  യു.ഡി.എഫ് എം.പിമാര്‍ പങ്കെടുക്കുന്നത് ശരിയായ നടപടിയല്ലെന്ന് മനസിലായതിനെത്തുടര്‍ന്നാണ് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.     
കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്ക് എതിരെ ഇന്നു രാവിലെ 10.30ന്് പാര്‍ലമെന്റ് മന്ദിരത്തിന് മുന്നിലുള്ള ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ യു.ഡി.എഫ് എം.പിമാര്‍ ധര്‍ണ നടത്തുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറിയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുക, കേരളത്തിലെ രൂക്ഷമായ വെള്ളപ്പൊക്ക കെടുതികള്‍ പഠിക്കാന്‍ കേന്ദ്ര സംഘത്തെ ഉടന്‍ അയയ്ക്കുക, കടലാക്രമണം രൂക്ഷമായ തീര പ്രദേശങ്ങളില്‍ അടിയന്തിര സഹായം എത്തിക്കുക, റബ്ബര്‍ കര്‍ഷകരുടെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ പ്രത്യേക പാക്കേജ് രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യു.ഡി.എഫ് എം.പിമാര്‍ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ ധര്‍ണ നടത്തുന്നതെന്ന് കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാരുടെ കണ്‍വീനര്‍ കൂടിയായ കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി നേടിയെടുക്കുന്നതിന് വേണ്ടിയുള്ള യോജിച്ച സമരം നടത്തുന്നതില്‍ കേരളത്തില്‍നിന്നുള്ള ഇടത് എം.പിമാര്‍ കള്ളക്കളി നടത്തുകയാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

 

Latest News