Sorry, you need to enable JavaScript to visit this website.

പ്രതിശ്രുത വരനൊപ്പം പാര്‍ക്കില്‍ എത്തിയ യുവതിയുടെ    സ്വകാര്യ ഭാഗങ്ങളില്‍ പോലീസുകാരന്‍ സ്പര്‍ശിച്ചു 

ഗാസിയാബാദ്- പ്രതിശ്രുത വരനുമായി പാര്‍ക്കില്‍ എത്തിയ യുവതിയെ രണ്ട് പോലീസുകാര്‍ അടങ്ങുന്ന സംഘം ലൈംഗികമായി ഉപദ്രവിച്ചു. ഗാസിയാബാദിലെ സായി ഉപവന്‍ വനമേഖല സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു 22കാരിയും പ്രതിശ്രുത വരനും. ഈ സമയത്ത് സ്ഥലത്തെത്തിയ പോലീസുകാരാണ് യുവതിയെ ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. സെപ്റ്റംബര്‍ 16ന് ആണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്വാലി നഗര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
പോലീസ് റെസ്പോണ്‍സ് വാഹനത്തിലായിരുന്നു മൂന്ന് പേര്‍ സ്ഥലത്തെത്തിയത്. ഇവര്‍ യുവതിയോടും യുവാവിനോടും 10,000 രൂപ ആവശ്യപ്പെട്ടു. പണം നല്‍കാതെ വന്നതോടെ ഞങ്ങളെ മര്‍ദ്ദിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തെന്ന് യുവതി പറഞ്ഞു. സംഭവത്തിന് ശേഷം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുകയും രാത്രി സമയത്ത് വീട്ടിലേക്ക് വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് യുവതി പറയുന്നു.
പിന്നാലെ യുവതി സഹായത്തിനായി ഡല്‍ഹി പോലീസിനെ വിളിച്ചു. ഈ ഫോണ്‍ കേള്‍ ഗാസിയാബാദ് പോലീസിന് കൈമാറിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളില്‍ രണ്ട് പോലീസുകാരാണെന്ന് തിരിച്ചറിഞ്ഞു. കോണ്‍സ്റ്റബിള്‍ രാകേഷ് കുമാര്‍, ഹോം ഗാര്‍ഡ് ദിഗംബര്‍, തിരിച്ചറിയാത്ത മറ്റൊരാള്‍ എന്നിവരാണ് യുവതിയെ ആക്രമിച്ചത്. മൂന്ന് മണിക്കൂറോളം തങ്ങളെ ഉപദ്രവിച്ചെന്നും, സഹിക്കവയ്യാതെ 1000 രൂപ നല്‍കേണ്ടി വന്നെന്നും യുവതി പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസെടുത്തതിന് പിന്നാലെ കോണ്‍സ്റ്റബിള്‍ രാകേഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്തെന്ന് ഗാസിയാബാദ് അസി. കമ്മിഷണര്‍ അറിയിച്ചു. ഹോം ഗാര്‍ഡ് ദിഗംബറിനെതിരെ നടപടി സ്വീകരിക്കാന്‍ കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് പേരും ഇപ്പോള്‍ ഒളിവിലാണ്. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
 

Latest News