ലഖ്നൗ-രാവിലെ ഉണര്‍ന്നാലുടന്‍ തന്നെ റേഡിയോ പ്രവര്‍ത്തിപ്പിക്കുന്ന വീടുകള്‍ ഒരുകാലത്ത് നമുക്ക് ചിരപരിചിതമായിരുന്നു. അതുപോലെ തന്നെ ഒട്ടുമിക്ക വീടുകളിലും റേഡിയോ ഉണ്ടായിരുന്ന കാലവും ഉണ്ടായിരുന്നു. എന്നാല്‍, കാലവും ലോകവും മാറുന്നത് പോലെ തന്നെ ഇക്കാര്യത്തിലും മാറ്റം സംഭവിച്ചു. ഇന്ന് റേഡിയോ വളരെ വിരളമാണ് എന്ന് പറയേണ്ടി വരും. എന്നാല്‍, ഉത്തര്‍ പ്രദേശില്‍ നിന്നുള്ള രാം സിംഗ് ബുദ്ധ് എന്ന 67 -കാരനായ മനുഷ്യനും റേഡിയോയും തമ്മിലുള്ള ബന്ധം, അതൊന്ന് വേറെ തന്നെയാണ്.
ഗജ്രൗളയില്‍ നിന്നുള്ള അദ്ദേഹം 1500 -ലധികം വിന്റേജ് റേഡിയോ റിസീവറുകളാണ് ശേഖരിച്ച് വച്ചിരിക്കുന്നത്. അങ്ങനെ അദ്ദേഹത്തിന് ഒരു റേഡിയോ മ്യൂസിയം തന്നെയുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിന് റേഡിയോയോടുള്ള ആവേശം ആരംഭിച്ചിരുന്നു. പിന്നീടൊരിക്കലും ആ ആവേശം കെട്ടടങ്ങിയില്ല. ജോലി ചെയ്യുമ്പോള്‍ പോലും അദ്ദേഹം റേഡിയോ കേട്ടുകൊണ്ടിരിക്കുമായിരുന്നു. മൊഹല്ല നായ്പുരയില് താമസിക്കുന്ന അദ്ദേഹം ഉത്തര്‍പ്രദേശ് വെയര്‍ഹൗസിംഗ് കോര്പ്പറേഷന് ഡിപ്പാര്‍ട്ട്മെന്റില്‍ സീനിയര്‍ സൂപ്രണ്ടായിരുന്നു. 2016 -ല്‍ അദ്ദേഹം അവിടെ നിന്നും വിരമിച്ചു. തുടര്‍ന്ന് അഞ്ച് വര്‍ഷം ഉപഭോക്തൃ കോടതി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
വിരമിച്ച് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം സ്വന്തമായി ഒരു റേഡിയോ മ്യൂസിയം തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ തന്നെക്കൊണ്ട് കഴിയുന്ന എല്ലാം അദ്ദേഹം ആ മ്യൂസിയത്തിന് വേണ്ടി ചെയ്തു. റേഡിയോയും റേഡിയോയുമായി ബന്ധപ്പെട്ട ഉപകരണങ്ങളും എല്ലാം ശേഖരിച്ചു. നയ്പുരയിലെ സിദ്ധാര്‍ത്ഥ് ഇന്റര്‍ കോളേജിന്റെ രണ്ടാം നിലയാണ് അദ്ദേഹം തന്റെ മ്യൂസിയമാക്കി നവീകരിച്ചത്. അതില്‍, ഇന്ന് 1500 -ലധികം റേഡിയോ റിസീവറുകള്‍ ഉണ്ട്. 1900 -ലെ ആന്റിക് റേഡിയോ വരെ അതില്‍ പെടുന്നു.