ന്യൂയോര്‍ക്ക്-നാലു പതിറ്റാണ്ട് മുമ്പ് തന്റെ ഒരു മാസത്തെ ശമ്പളം മുഴുവന്‍ മാറ്റിവെച്ചു വാങ്ങിയ റോളക്സ് വാച്ച് ഇപ്പോള്‍ തന്റെ ജീവിതം തന്നെ മാറ്റിമറിച്ച സന്തോഷത്തിലാണ് ഒരു മുന്‍ യുഎസ് എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍. 1971 -ല്‍ 28,000 രൂപയ്ക്ക് വാങ്ങിയ വാച്ചിന്റെ ഇപ്പോഴത്തെ മൂല്യം അറിഞ്ഞ് അമ്പരന്നു പോകുന്ന അദ്ദേഹത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ തരംഗം ആവുകയാണ്.ഒരു ആന്റിക്‌സ് റോഡ്‌ഷോയില്‍ തന്റെ വാച്ചിന്റെ നിലവിലെ വില അറിയുന്നതിനായി എത്തിയപ്പോഴാണ് കോടികളുടെ സമ്പാദ്യമാണ് തന്റെ കയ്യിലുള്ളതെന്ന സത്യം അദ്ദേഹം തിരിച്ചറിയുന്നത്. 2020 -ല്‍ നടന്ന റോഡ് ഷോയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെങ്കിലും സാമൂഹിക മാധ്യമങ്ങള്‍ ഇത് വീണ്ടും ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. വാച്ചിന് നിലവില്‍ 700,000 ഡോളര്‍ വരെ (45 കോടി രൂപ) എളുപ്പത്തില്‍ ലഭിക്കുമെന്നാണ് റോഡ് ഷോയില്‍ മൂല്യനിര്‍ണയക്കാര്‍ അദ്ദേഹത്തിന് നല്‍കിയ മറുപടി.
1970 -കളുടെ തുടക്കത്തിലാണ് തന്റെ ചില സഹപ്രവര്‍ത്തകര്‍ റോളക്സ് വാച്ചുകള്‍ ധരിച്ചിരിക്കുന്നത് അദ്ദേഹം കണ്ടത്. അങ്ങനെയാണ് സ്വന്തമായൊരണം വാങ്ങിക്കണം എന്ന മോഹം അദ്ദേഹത്തിന് ഉണ്ടായത്. അങ്ങനെ 1971 -ലെ റോളക്‌സ് കോസ്‌മോഗ്രാഫ് ഡേടോണ ഓയ്സ്റ്റര്‍ 1974 നവംബറില്‍ ഓര്‍ഡര്‍ ചെയ്തു. തന്റെ ഒരു മാസത്തെ ശമ്പളം മുഴുവന്‍ നീക്കിവെച്ചുകൊണ്ടായിരുന്നു ആ സ്വന്തമാക്കല്‍. വാച്ചിന് 10% കിഴിവ് ലഭിച്ചതിന് ശേഷം അദ്ദേഹം 345.97 ഡോളര്‍ (ഏകദേശം 28,000 രൂപ) നല്‍കി. പക്ഷേ, അന്നദ്ദേഹം അറിഞ്ഞിരുന്നില്ല നാല്‍പ്പതു വര്‍ഷങ്ങള്‍ക്കുശേഷം തന്റെ ജീവിതം മാറ്റിമറിക്കാന്‍ പോകുന്നത് ഈ വാച്ച് ആയിരിക്കുമെന്ന്. എന്നാല്‍ വാങ്ങിയതിനുശേഷം, വാച്ച് സ്ഥിരമായി ഉപയോഗിക്കാന്‍ അദ്ദേഹത്തിന് മനസ്സ് വന്നില്ല. കാരണം അത്രമാത്രം മനോഹരമായിരുന്നു അത്. അതിന്റെ ഒറിജിനല്‍ ബോക്‌സ്, രസീത്, വാറന്റി പേപ്പര്‍, ഒറിജിനല്‍ ബ്രോഷര്‍ എന്നിവയ്‌ക്കൊപ്പം ഒരു സേഫ്റ്റി ഡെപ്പോസിറ്റ് ബോക്‌സില്‍ അദ്ദേഹം വാച്ച് സൂക്ഷിച്ചു. ഒരിക്കല്‍പോലും അത് ഉപയോഗിക്കാത്തതുകൊണ്ടും ഒറിജിനല്‍ രേഖകളെല്ലാം ഇപ്പോഴും ഭദ്രമായി സൂക്ഷിച്ചിരിക്കുന്നതു കൊണ്ടുമാണ് ഈ വാച്ചിന്റെ മൂല്യം ഇത്രയേറെ വര്‍ധിച്ചത്.