കൊച്ചി - കൊച്ചിയിൽനിന്ന് ഖത്തറിലേക്ക് പ്രതിദിന നോൺ സ്റ്റോപ്പ് സർവീസുമായി എയർ ഇന്ത്യ. ഒക്ടോബർ 23 മുതൽ കൊച്ചി-ദോഹ പ്രതിദിന സർവീസ് ആരംഭിക്കുമെന്നാണ് അറിയിപ്പ്.
കൊച്ചിയിൽ നിന്ന് പ്രാദേശിക സമയം 1.30ന് പുറപ്പെടുന്ന എ.ഐ 953 വിമാനം ദോഹയിൽ 3.45ന് എത്തിച്ചേരും. ദോഹയിൽ നിന്ന് തിരിച്ചുള്ള യാത്രാവിമാനം എ.ഐ 954 പ്രാദേശികസമയം 4.45ന് പുറപ്പെട്ട് കൊച്ചിയിൽ പ്രാദേശിക സമയം 11.35ന് എത്തും. എ320 നിയോ എയർക്രാഫ്റ്റ് വിമാനത്തിൽ 162 സീറ്റുകളാണുള്ളത്. ഇക്കോണമിയിൽ 150 സീറ്റും ബിസിനസ് ക്ലാസിൽ 12 സീറ്റുമാണുണ്ടാവുക. നിലവിൽ കൊച്ചിയിൽ നിന്ന് ദുബൈയിലേക്ക് എല്ലാ ദിവസവും നേരിട്ട് എയർ ഇന്ത്യയുടെ വിമാനസർവീസ് ഉണ്ട്.
അഭ്യന്തര, ഇന്റർനാഷണൽ സെക്ടറുകളിൽ സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് എയർ ഇന്ത്യയുടെ പുതിയ സർവീസ്, എയർ ഇന്ത്യയുടെ വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, ഓൺലൈൻ ട്രാവൽ ഏജൻസികൾ ഉൾപ്പെടെയുള്ള ട്രാവൽ ഏജന്റുമാർ വഴി ബുക്കിംഗ് ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
ഒക്ടോബർ 29 മുതൽ ഖത്തറിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് തിരുവനന്തപുരത്തേക്കും നോൺ സ്റ്റോപ്പ് സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ആഴ്ചയിൽ നാലു ദിവസമാണ് സർവീസ്. ദോഹയിൽ നിന്ന് ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലും തിരുവനന്തപുരത്ത് നിന്ന് ചൊവ്വ, വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിലുമാണ് സർവീസ്.