Sorry, you need to enable JavaScript to visit this website.

ഡെന്‍മാര്‍ക്കില്‍ പ്രതിഷേധങ്ങള്‍ക്കിടെ ബുര്‍ഖ നിരോധനം പ്രാബല്യത്തില്‍

കോപന്‍ഹേഗനില്‍ ബുര്‍ഖ നിരോധനത്തിനെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകള്‍

കോപന്‍ഹേഗന്‍- മുഖാവരണം ധരിച്ച് തെരുവിലിറങ്ങിയ നൂറുകണക്കിന് സ്ത്രീകളുടെ പ്രതിഷേധങ്ങള്‍ക്കിടെ ഡെന്‍മാര്‍ക്കില്‍ ബുധനാഴ്ച ബുര്‍ഖ നിരോധനം പ്രാബല്യത്തില്‍ വന്നു. മുഖം മറക്കുന്ന ബുര്‍ഖ/നിഖാബ് നിരോധിക്കുന്ന നിയമത്തിന് മേയിലാണ് ഡെന്‍മാര്‍ക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. ഈ നിയമം ആദ്യ തവണ ലംഘിക്കുന്നവര്‍ക്ക് 1000 ഡാനിഷ് ക്രോണും വീണ്ടും ആവര്‍ത്തിക്കുന്നവര്‍ക്ക് 10,000 വരെ ഡാനിഷ് ക്രോണും ആറു മാസം വരെ തടവുമാണ് ശിക്ഷ. ഒരു വ്യക്തിയെ മുഖം മൂടുന്ന വസ്ത്രം ബലപ്രയോഗത്തിലൂടെ അണിയിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ പിഴയോ രണ്ടു വര്‍ഷം വരെ തടവോ ശിക്ഷയായി ലഭിക്കും.

അതിനിടെ ഈ നിയമത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും പലയിടത്തും തെരുവില്‍ ഏറ്റുമുട്ടി. തലസ്ഥാനമായ കോപന്‍ഹേഗനിലും വലിയ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ന്യൂനപക്ഷത്തിനെതിരെ വിവേചനപരമായ നിയമമാണിതെന്ന് ചൂണ്ടിക്കാട്ടി നിരവധി പൗരാവകാശ സംഘടനകളും രംഗത്തെത്തി. ഈ നീക്കം മുസ്ലിം സമുദായത്തെയും അവരുടെ വിശ്വാസത്തേയും മൂല്യങ്ങളേയും നിയന്ത്രണ വിധേയമാക്കാനാണെന്ന് വിമന്‍ ഇന്‍ ഡയലോഗ് എന്ന സംഘടനയുടെ വക്താവ് പറഞ്ഞു.
 

Latest News