മംഗളൂരു- ഞായറാഴ്ച കര്‍ണാടകയിലെ റാഗിഗുഡ്ഡയ്ക്ക് സമീപം നബിദിന ഘോഷയാത്രക്കിടെ ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവരുടെ വീടുകള്‍ക്ക് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. സംഘര്‍ഷത്തില്‍ നാലഞ്ച് പേര്‍ക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് 144 വകുപ്പ് ഏര്‍പ്പെടുത്തി.
സംഭവത്തെ തുടര്‍ന്ന് ഘോഷയാത്ര നിര്‍ത്തിവച്ചു. പ്രതിഷേധക്കാര്‍ പോലീസ് ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചത് ലാത്തി ചാര്‍ജിനിടയാക്കി.
പ്രശ്‌നം പരിഹരിച്ചതായും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പോലീസ് സൂപ്രണ്ട് അറിയിച്ചു. ഏറ്റുമുട്ടലില്‍ നാലോ അഞ്ചോ പേര്‍ക്ക് നിസാര പരിക്കേറ്റതായും അദ്ദേഹം സ്ഥിരീകരിച്ചു. അഭ്യൂഹങ്ങള്‍ പരത്തരുതെന്നും സമാധാനം നിലനിര്‍ത്തണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.