മലപ്പുറം - കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചതിന് പിന്നാലെ യാത്രക്കാർക്ക് കൂടുതൽ ആശ്വാസകരമായ നടപടിയുമായി കെ.എസ്.ആർ.ടി.സി അധികൃതർ.
വന്ദേ ഭാരത് ട്രെയിൻ രാത്രി തിരൂരിൽ എത്തുന്ന സമയം കണക്കാക്കി മഞ്ചേരിയിൽനിന്നും തിരൂർ റെയിൽവേ സ്റ്റേഷനിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് നടത്താനാണ് പദ്ധതി. മഞ്ചേരിയിൽനിന്ന് വൈകിട്ട് ഏഴിന് പുറപ്പെടുന്ന ബസ് രാത്രി 8.40-ന് തിരൂർ റെയിൽവേ സ്റ്റേഷനിലെത്തും. 8.52നാണ് വന്ദേഭാരത് തിരൂരിലെത്തുക. തുടർന്ന് രാത്രി 9 മണിക്ക് ബസ് റെയിൽവെ സ്റ്റേഷനിൽനിന്നും പുറപ്പെട്ട് രാത്രി 10.10ന് മലപ്പുറത്ത് എത്തുംവിധമാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. തിരുവനന്തപുരത്തേക്ക് അടക്കം പോയി മടങ്ങുന്നവർക്കും വന്ദേഭാരതിൽ കയറി കാസർക്കോട് ഭാഗത്തേക്ക് പോകുന്നവർക്കും ഈ ബസ് ഏറെ പ്രയോജനപ്പെടും. മൂന്നാം തിയ്യതി മുതലാണ് കെ.എസ്.ആർ.ടി.സി ബസ് പ്രത്യേക സർവീസ് ആരംഭിക്കുക.