വില്ലുപുരം - തമിഴ്‌നാട്ടിൽ രണ്ടു പെൺമക്കളെ കെട്ടിപ്പിടിച്ച് തീകൊളുത്തിയ അമ്മയും രക്ഷിക്കാൻ ശ്രമിച്ച യുവതിയുടെ പിതാവും ഉൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം. വില്ലുപുരത്ത് യുവതിയുടെ ഭർത്താവുമായി കുടുംബപ്രശ്‌നത്തിൽ ചർച്ച നടത്തുന്നതിനിടെയാണ് ദാരുണ സംഭവമുണ്ടായത്.
എം ദ്രവിയം(38), ഇവരുടെ മൂന്നും അഞ്ചും വയസ്സുള്ള രണ്ട് പെൺകുട്ടികളെയും ചേർത്തുപിടിച്ച് തീകൊളുത്തുകയായിരുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവതിയുടെ പിതാവ് പൊന്നുരംഗം (78) ശ്വാസംമുട്ടി മരിക്കുകയായിരുന്നു. യുവതിയുടെ സഹോദരൻമാർക്ക് പരുക്കേറ്റു.
ഭർത്താവുമായി അകന്ന് യുവതി കുട്ടികളുമായി രണ്ടുവർഷമായി പിതാവിനോടൊപ്പം സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു. ഭർത്താവിന്റെ അടുത്തേക്ക് തിരിച്ചു പോകുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.
യുവതിയുടെ പിതാവ് പൊന്നുരംഗത്തിന്റെ നിർദേശപ്രകാരം യുവതിയുടെ ഭർത്താവ് മുധുരൈ വീരനെ ചർച്ചയ്ക്കായി കൂട്ടിക്കൊണ്ടുവന്നിരുന്നു. വീടിന് മുമ്പിൽ യുവതിയുടെ പിതാവും സഹോദരങ്ങളും മധുരൈ വീരനോട് സംസാരിക്കുമ്പോൾ വീടിനുള്ളിൽനിന്നും കരച്ചിൽ കേൾക്കുകയായിരുന്നു. ഓടിച്ചെന്നപ്പോൾ യുവതിയും കുട്ടികളും തീയിലകപ്പെട്ട നിലയിലായിരുന്നു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിതാവും മരിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.