Sorry, you need to enable JavaScript to visit this website.

നബിദിന ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ അശ്ലീല ആംഗ്യം കാണിച്ചു, 20 പേര്‍ അറസ്റ്റില്‍

പദ്ര- ഗുജറാത്തിലെ പാദ്രയില്‍ നബിദിനത്തോടനുബന്ധിച്ച് നടന്ന  ഘോഷയാത്രയില്‍ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഇരുപതോളം പേരെ അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിനു സമപീത്തു കൂടി കടന്നുപോകുമ്പോള്‍ ഘോഷയാത്രയില്‍ പങ്കെടുത്ത ചിലര്‍ അശ്ലീല ആംഗ്യങ്ങളും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും നടത്തിയ സംഭവത്തിലാണ് അറസ്റ്റെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
സംഭവത്തിനു പിന്നാലെ വെള്ളിയാഴ്ച രാത്രി ഒരു സംഘം
ഹിന്ദുക്കള്‍ പദ്ര പോലീസ് സ്‌റ്റേഷന് പുറത്ത് തടിച്ചുകൂടിയിരുന്നു.  ഘോഷയാത്രയില്‍ പങ്കെടുത്തുവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധമെന്ന് വഡോദര റൂറല്‍ പോലീസ് സൂപ്രണ്ട് രോഹന്‍ ആനന്ദ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുകയും അജയ് പര്‍മര്‍ എന്നയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഔപചാരിക പരാതിയില്‍ കേസെടുക്കുകയും ചെയ്തു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 143 (നിയമവിരുദ്ധമായി സംഘം ചേരല്‍), സെക്ഷന്‍ 153 എ (വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ ), സെക്ഷന്‍ 294 ബി (അശ്ലീലപ്രവൃത്തികളും പാട്ടുകളും)  എന്നിങ്ങനെ വിവിധ വകുപ്പുകളാണ് ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
വെള്ളിയാഴ്ച ഗുജറാത്തിലെ നര്‍മദ ജില്ലയില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച മത ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായതിന് പിന്നാലെയാണ് പുതിയ സംഭവം. കല്ലേറില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരിക്കേറ്റിരുന്നു. യാത്ര മസ്ജിദ് കടന്നുപോകുമ്പോള്‍ അക്രമികള്‍ ഘോഷയാത്ര്ക്ക് നേരെ കല്ലെറിയുകയും രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ  15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് സൂപ്രണ്ട് പ്രശാന്ത് സുംബേ അറിയിച്ചു.

വഡോദര ജില്ലയിലെ മഞ്ജുസാര്‍ ഗ്രാമത്തിലും കല്ലേറ് റിപ്പോര്‍ട്ട് ചെയ്തു.  ഗ്രാമവാസികള്‍ ഗണേശ വിഗ്രഹങ്ങള്‍ കുളത്തില്‍ നിമജ്ജനം ചെയ്യുന്നതിനിടെയാണ് സംഭവം.
മൂന്ന് വിഗ്രഹങ്ങള്‍ കയറ്റിയ ട്രാക്ടര്‍ ഗരാസിയ മൊഹല്ലയില്‍ എത്തിയപ്പോള്‍ ഉണ്ടായ തര്‍ക്കമാണ് കല്ലേറിലേക്ക് നയിച്ചതെന്നും നാലു പേര്‍ക്ക് പരിക്കേറ്റുവെന്നും പോലീസ് പറഞ്ഞു.

 

Latest News