മലപ്പുറം- സൗദി എംബസിയുടെ സഹകരണത്തോടെ വിസ്ഡം ഇസ്‍ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി മലപ്പുറം ജാമിഅ: അൽ ഹിന്ദ് ഇസ്‌ലാമിയ്യയിൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന അൽ മഹാറ വൈജ്ഞാനിക മത്സരങ്ങൾക്ക് പ്രൗഢമായ തുടക്കം. നിയമസഭാ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി ആധ്യക്ഷത വഹിച്ചു.
വിശുദ്ധ ഖുർആൻ പഠനവും പാരായണവും, അറബി ഭാഷ പഠനം, അതിന്റെ വ്യാപനം തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
ഹിഫ്ദുൽ ഖുർആൻ, ഹിഫ്‌ളുൽ മുത്തൂൻ, തസ്ഫിയ്യ, മലയാളം ഗ്രന്ഥ രചന, അറബി കവിതാ രചന, അറബിക് ഉപന്യാസം, അറബിക് മെഗാ ക്വിസ് എന്നീ മത്സരങ്ങൾ വിദ്യാർഥികൾക്കായി ദേശീയ തലത്തിൽ നടന്ന് കൊണ്ടിരിക്കുന്നു.
ഏഴ് വിഭാഗങ്ങളിലായി ഒമ്പത് മത്സരയിനങ്ങളിൽ പ്രതിഭകൾ മാറ്റുരക്കുന്നു. മലപ്പുറം ജാമിഅ അൽ ഹിന്ദ് അൽ ഇസ്‌ലാമിയക്ക് പുറമെ കണ്ണൂർ, പെരിന്തൽമണ്ണ, എറണാകുളം, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിൽ നടക്കുന്ന പ്രഥമിക സ്‌ക്രീനിംഗിൽ കേരളത്തിനകത്തും പുറത്തുമുള്ള വിവിധ ക്യാമ്പസുകളിൽ നിന്നും അറബിക് കോളേജുകളിൽ നിന്നും 700ൽ പരം വിദ്യാർഥികൾ പങ്കെടുത്തു.
ക്യാഷ് പ്രൈസ് അടക്കം അഞ്ച് ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങൾ വിതരണം ചെയ്യും. ജാമിഅ: അൽ ഹിന്ദ് റെക്ടർ സി.കുഞ്ഞി മുഹമ്മദ് മദനി,ഡയറക്ടർ ഫൈസൽ പുതുപറമ്പ്, കെ.പി സി സി സെക്രട്ടറി അഡ്വ: നൗഷാദ്, വിസ്ഡം യൂത്ത് സംസ്ഥാന ട്രഷറർ അൻഫസ് മുക്‌റം, വൈസ് പ്രസിഡന്റ് മുസ്തഫ മദനി, ശുറൈഹ് സലഫി, മുഹമ്മദ് ശിബിൽ എം പി തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്ന് നടക്കുന്ന സമാപന സമ്മേളനം സൗദി എംബസി അറ്റാഷെ ശൈഖ് നാസർ അൽഅനസി ഉദ് ഘാടനം ചെയ്യും. ജാമിഅ: അൽ ഹിന്ദ് റെക്ടർ സി.കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ അധ്യക്ഷത വഹിക്കും.