ലണ്ടന്‍- ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമിയെ ഗ്ലാസ്‌ഗോ ഗുരദ്വാരയ്ക്ക് സമീപം തടസ്സപ്പെടുത്തിയത് നാണക്കേടാണെന്ന് ഇന്ത്യ. ഗ്ലാസ്ഗോ ഗുരുദ്വാരയില്‍ നടന്ന 'അപമാനകരമായ സംഭവം' യു കെയിലെ അധികാരികളെ അറിയിച്ചതായി യുണൈറ്റഡ് കിംഗ്ഡത്തിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.
സെപ്തംബര്‍ 29ന് സ്‌കോട്ട്‌ലന്‍ഡിന് പുറത്തുള്ള പ്രദേശങ്ങളില്‍ നിന്നുള്ള മൂന്ന് പേര്‍ ഗുരുദ്വാര കമ്മിറ്റി സംഘടിപ്പിച്ച ആശയവിനിമയ പരിപാടി ആസൂത്രിതമായി തടസ്സപ്പെടുത്തിയത് അപമാനകരമാണെന്ന് ഇന്ത്യ അപലപിച്ചു. കമ്മ്യൂണിറ്റി, കോണ്‍സുലര്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു ഹൈക്കമ്മീഷണര്‍ എത്തിയതെന്ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. അപമാനകരമായ സംഭവം ഫോറിന്‍, കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡെവലപ്മെന്റ് ഓഫീസിനും (എഫ്് സി ഡി ഒ) മെട്രോപൊളിറ്റന്‍ പോലീസിനും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഹൈക്കമ്മീഷന്‍ പറഞ്ഞു.
മുതിര്‍ന്ന കമ്മ്യൂണിറ്റി നേതാക്കളും സ്ത്രീകളും കമ്മിറ്റി അംഗങ്ങളും സ്‌കോട്ടിഷ് പാര്‍ലമെന്റ് അംഗവും ഉള്‍പ്പെടുന്ന സംഘാടകര്‍ ഉള്‍പ്പെടെയുള്ള ഒന്നിലധികം കമ്മ്യൂണിറ്റി സംഘടനകള്‍ സംഭവത്തില്‍ ഔദ്യോഗികമായി ഖേദം പ്രകടിപ്പിക്കുകയും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു.
ഹൈക്കമ്മീഷണറെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തപ്പോള്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാനുള്ള ശ്രമത്തില്‍ ഹൈക്കമ്മീഷണര്‍ പ്രദേശത്തു നിന്നും പോവുകയായിരുന്നു.
ഇന്ത്യന്‍ പ്രതിനിധിയെ ഗുരുദ്വാരയില്‍ പ്രവേശിക്കുന്നത് തടഞ്ഞ ഖലിസ്ഥാന്‍ അനുകൂല ഘടകങ്ങള്‍ ഗ്ലാസ്ഗോയിലെ ആല്‍ബര്‍ട്ട് ഡ്രൈവിലെ ഗുരുദ്വാരയുടെ പാര്‍ക്കിംഗ് ഏരിയയ്ക്ക് സമീപം ദൊരൈസ്വാമിയെ ആക്രമിക്കുന്നതായി സോഷ്യല്‍ മീഡിയ വീഡിയോകള്‍ കാണിച്ചതിന് പിന്നാലെയാണ് പ്രസ്താവന പുറത്തിറക്കിയത്.
യുണൈറ്റഡ് കിംഗ്ഡം വിദേശകാര്യ ഓഫീസിനോടും പോലീസിനോടും ഇന്ത്യ വിഷയം ഉന്നയിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഗ്ലാസ്ഗോയിലെ ഗുരുദ്വാരയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഏതാനും തീവ്രവാദികള്‍ ദൊരൈസ്വാമിയെ തടഞ്ഞതായും തീരുമാനിച്ചു,' വൃത്തങ്ങള്‍ പറഞ്ഞു.
ഈ ജൂണില്‍ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്ത് ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കത്തിനിടയിലാണ് ഏറ്റവും പുതിയ സംഭവം.