മലപ്പുറം- കനത്ത മഴയില്‍ മലപ്പുറം ജില്ലയില്‍ പല ഭാഗത്തും വലിയ നാശനഷ്ടം. അങ്ങാടിപ്പുറം തളി ക്ഷേത്രത്തിന് സമീപം ആല്‍മരം കടപുഴകി ദേശീയ പാത തടസ്സപ്പെട്ടു. നൂറുകണക്കിന് വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി.
മക്കരപ്പറമ്പ് പഞ്ചായത്തിലെ വടക്കാങ്ങര പള്ളിപ്പടിയില്‍ അടിച്ച ചുഴലിക്കാറ്റില്‍ വീടുകള്‍ക്ക് മുകളിലേക്ക് മരം കടപുഴകി വീണു. ടീം വെല്‍ഫെയര്‍, ട്രോമാകെയര്‍, പോലീസ് ഡിഫന്‍ഡ് വളണ്ടിയേഴ്സ് തുടങ്ങിയവര്‍ രക്ഷാദൗത്യത്തിനെത്തി.
ആലപ്പുഴയിലും എറണാകുളത്തും നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു.
കനത്ത മഴ കാരണം മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദുരന്തങ്ങള്‍ തടയുന്നതിനായി കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ എ. ഗീത ഉത്തരവിറക്കി. ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം, എല്ലാ തരത്തിലുമുളള മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ കര്‍ശനമായി നിര്‍ത്തിവച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ഉണ്ടാവില്ലെന്ന് കലക്ടര്‍ അറിയിച്ചു.
വെളളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, ബീച്ചുകള്‍ ഉള്‍പ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പൂര്‍ണ്ണമായും നിരോധിച്ചു. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന മലയോര പ്രദേശങ്ങള്‍, ചുരം മേഖലകള്‍ എന്നിവിടങ്ങളിലേക്ക് അലര്‍ട്ടുകള്‍ പിന്‍വലിക്കും വരെ രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെ അടിയന്തര യാത്രകള്‍ അല്ലാത്തവ ഒഴിവാക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
മലയോരമേഖലയില്‍ താമസിക്കുന്നവരെ അപകടാവസ്ഥ മുന്നില്‍കണ്ട് ആവശ്യം വരുന്ന പക്ഷം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കണം. പൊതുസ്ഥലത്തും സ്വകാര്യസ്ഥലത്തുമുള്ള അപകടകരമായ എല്ലാ മരങ്ങളും ചില്ലകളും അടിയന്തരമായി മുറിച്ച് നീക്കുന്നതിനുള്ള നടപടികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കണം.
ദേശീയപാത 66 ലെ പ്രവൃത്തി മൂലം വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പരിഹാരമാര്‍ഗ്ഗങ്ങള്‍ ഉറപ്പാക്കണം. മണ്ണെടുത്തത് മൂലം അപകടാവസ്ഥയിലായ വീടുകളില്‍ താമസിക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കിയെന്നും ഡ്രെയിനേജുകള്‍ വൃത്തിയാക്കി വെള്ളത്തിന് സുഗമമായ ഒഴുക്കിന് സംവിധാനം ഒരുക്കിയെന്ന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.