ന്യൂദല്‍ഹി- 2019ല്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സഖ്യ ചര്‍ച്ചകളുമായി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും കണ്ടു. ഭാവിയില്‍ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിക്കുന്നതിനെ കുറിച്ചും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമാണ് ചര്‍ച്ച ചെയ്തതെന്ന് ്്്‌സോണിയയെ കണ്ട ശേഷം പുറത്തിറങ്ങിയ മമത പറഞ്ഞു. അസാമിലെ ദേശീയ പൗരത്വ പട്ടികയും ചര്‍ച്ചയില്‍ വിഷയമായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിക്കെതിരെ മമത വീണ്ടും ശക്തമായി പ്രതികരിച്ചു. 2019ലെ പൊതുതെരഞ്ഞെടുപ്പോടെ അധികാരം നഷ്ടമാകുമെന്ന് ബോധ്യപ്പെട്ട ബി.ജെ.പി രാഷ്ട്രീയമായി ആശയക്കുഴപ്പത്തിലായിരിക്കുകയാണെന്നും മമത പറഞ്ഞു. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനെതിരെ ഫെഡറല്‍ മുന്നണി കെട്ടിപ്പടുക്കാനുള്ള തന്ത്രങ്ങളുമായാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് മമത ദല്‍ഹിയിലെത്തിയത്. അസമിലെ 40 ലക്ഷ്തതോളം പേരെ പൗരത്വ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് ആഭ്യന്തര യുദ്ധത്തിനു കാരണമാകുമെന്ന് കഴിഞ്ഞ ദിവസം മമത പറഞ്ഞിരുന്നു. ഇതുസംബന്ധിച്ചുള്ള ചോദ്യത്തിന് താന്‍ ബിജെപി ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അവരുടെ പരിചാരകയല്ലെന്നും മമത തുറന്നടിച്ചു.
എല്ലാത്തിലും നുഴഞ്ഞു കയറുന്ന ബിജെപിയാണ് യഥാര്‍ത്ഥ നുഴഞ്ഞുകയറ്റക്കാരെന്നും അസമിലെ പൗരത്വ പട്ടിക അയല്‍രാജ്യമായ ബംഗ്ലാദേശിനെ അപമാനിക്കുന്നതാണെന്നും മമത മറ്റൊരു പരിപാടിയില്‍ സംസാരിക്കവെ ബുധനാഴ്ച പറഞ്ഞു.