ഭോപാല്‍- കുടുംബത്തിന്റെ തീരുമാനത്തിനെതിരായി വിവാഹിതരായ യുവ ദമ്പതികള്‍ക്കു നേരെ മധ്യപ്രദേശില്‍ ദുരഭിമാന ആക്രമണം. 23കാരനായ യുവാവിനേയും 21കാരിയായ യുവതിയേയും യുവതിയെ ബന്ധുക്കള്‍ ചേര്‍ന്ന് തട്ടികൊണ്ടു പോയി തെരുവില്‍ കെട്ടിയിട്ടും തുണിയുരിഞ്ഞും ക്രൂരമായി തല്ലിച്ചതക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു. തലമുടി വെട്ടിയിട്ടുമുണ്ട്. മധ്യപ്രദേശിലെ അലിരാജ്പൂരില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. യുവാവിനെ ആക്രമികള്‍ തൂണില്‍ കെട്ടിയിട്ടാണ് മര്‍ദിക്കുന്നത്. തൊട്ടടുത്ത് മര്‍ദനമേറ്റ് വസ്ത്രങ്ങള്‍ വലിച്ചുകീറിയ നിലയില്‍ അവശയായ യുവതിയും ഇരിക്കുന്നു. മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം ആക്രമികള്‍ ഇവരെ വെറുതെ വിട്ടു. കുടുംബത്തിന് അപമാനമുണ്ടാക്കിയതിനാണ് ഈ ശിക്ഷയെന്ന് യുവതിയോട് ഒരാള്‍ പറയുന്നതായും വീഡിയോയില്‍ വ്യക്തമാണ്.
മതാപിതാക്കളുടെ തീരുമാനം അനുസരിക്കാതെയാണ് ഇരുവരും മേയില്‍ വിവാഹിതരായത്. തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ യുവാവ് 70,000 രൂപയും രണ്ടു ആടുകളേയും യുവതിയുടെ കുടുംബത്തിന് നല്‍കിയിരുന്നു. എന്നാല്‍ ജാതി പഞ്ചായത്ത് ചേര്‍ന്ന് നാട്ടുകോടതിയാണ് ഇവരെ ശിക്ഷിക്കാന്‍ തീരുമാനിച്ചത്. ശനിയാഴ്ചയാണ് ഇതു നടപ്പിലാക്കിയത്. വിവാഹ ശേഷം ഗുജറാത്തിലെ ബന്ധു വീട്ടിലേക്കു പോയ ദമ്പതികള്‍ കഴിഞ്ഞയാഴ്ചയാണ് തിരിച്ചെത്തിയത്. ഇവര്‍ നാട്ടിലെത്തിയതറിഞ്ഞ യുവതിയും ബന്ധുക്കള്‍ ജൂലൈ 25-ന് ഇരുവരേയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
യുവതിയുടെ ബന്ധുക്കളാണ് തങ്ങളെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചതെന്ന് ദമ്പതികള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. യുവതിയുടെ അച്ഛന്‍, രണ്ടു അമ്മാവന്‍മാര്‍ മറ്റു രണ്ടു പേര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. രണ്ടു പ്രതികളെ അറസ്്റ്റ് ചെയ്തതായി പോലീസ് അറസ്റ്റ് ചെയ്തു.