ആലപ്പുഴ - മന്ത്രി മുഹമ്മദ് റിയാസിനെതിരെയുള്ള ആരോപണത്തില്‍ മലക്കം മറിഞ്ഞ് യു പ്രതിഭ എം എല്‍ എ. തന്റെ പ്രതിഷേധം മന്ത്രി മുഹമ്മദ് റിയാസിനെതിരെയല്ലെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെയാണെന്നുമാണ് പ്രതിഭ ഇപ്പോള്‍ പറയുന്നത്. സംഭവം സി പി എമ്മില്‍ വിവാദമയാപ്പോള്‍ എം എല്‍ എ മലക്കം മറിയുകയായിരുന്നു. ഫെയ്‌സ്ബുക്ക് വിഡിയോയിലൂടെയായിരുന്നു എം എല്‍ എയുടെ വിശദീകരണം. ടൂറിസം വികസനത്തിന് ആലപ്പുഴയ്ക്ക് 50 ലക്ഷം അനുവദിച്ചാല്‍ കായംകുളത്തിന് അര ലക്ഷം പോലും നല്‍കാറില്ലെന്ന് യു.പ്രതിഭ വിമര്‍ശിച്ചു. വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ ഉള്‍പ്പെടെ സമീപിച്ചിട്ടും പരിഹാരമുണ്ടായില്ലെന്നും ഒരു പൊതുപരിപാടിയ്ക്കിടെ യു.പ്രതിഭ കുറ്റപ്പെടുത്തിയിരുന്നു. ടൂറിസം ഭൂപടത്തില്‍ കായംകുളം ഇല്ലേയെന്ന് തനിക്ക് പലപ്പോഴും സംശയം തോന്നാറുണ്ടെന്നും എം എല്‍ എ തുറന്നടിച്ചിരുന്നു. ടൂറിസം എന്നാല്‍ ആലപ്പുഴ ബീച്ചും പുന്നമടയും മാത്രമാണെന്നത് മിഥ്യധാരണയാണെന്ന് എംഎല്‍എ പൊതുവേദിയില്‍ പറഞ്ഞു. കായംകുളവും ആലപ്പുഴയുടെ ഭാഗമാണെന്ന് മനസിലാക്കണം. ടൂറിസം വകുപ്പ് സ്ഥാപിച്ച മത്സ്യകന്യക വെയില്‍ കൊണ്ട് കറുത്തു. മണ്ഡലത്തിലെ വിനോദസഞ്ചാര മേഖല അവഗണനയാല്‍ വീര്‍പ്പുമുട്ടുകയാണെന്നും യു പ്രതിഭ കുറ്റപ്പെടുത്തിയിരുന്നു. കായംകുളത്തെ കായലോരം ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു മന്ത്രിക്കെതിരെയുള്ള എം എല്‍ എയുടെ ആരോപണം.